By Lekshmi.30 11 2022
മുംബൈ: മഹാരാഷ്ട്രയിൽ അപൂർവ രാഷ്ട്രീയസഖ്യത്തിന് വഴിയൊരുങ്ങുന്നു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും അംബേദ്കറേറ്റുകളായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ)യുമാണ് കൈകോർക്കുന്നത്. സഖ്യനീക്കത്തിന്റെ ഭാഗമായി ബി.ആർ അംബേദ്കറുടെ കൊച്ചുമകനും വി.ബി.എ നേതാവുമായ പ്രകാശ് അംബേദ്കർ ഉദ്ദവ് താക്കറുമായി പലതവണ ചർച്ച നടത്തിയതായി 'ദ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് സഖ്യചർച്ചകളുമായി ഉദ്ദവ് താക്കറെ ബന്ധപ്പെടുന്നതെന്ന് പ്രകാശ് അംബേദ്കർ വെളിപ്പെടുത്തി.പാർട്ടിക്കകത്ത് നടത്തിയ സൂക്ഷ്മമായ ചർച്ചകൾക്കൊടുവിലാണ് സേനയുമായി സഖ്യം ചേരാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
സഖ്യത്തിന്റെ വിശദാംശങ്ങൾ ഉദ്ദവാകും പരസ്യമാക്കുകയെന്നും പ്രകാശ് പറഞ്ഞു.അതേസമയം, സഖ്യത്തിൽ കോൺഗ്രസിനെയും എൻ.സി.പിയെയും കൂട്ടുന്ന കാര്യത്തിൽ തീരുമാനം ഉദ്ദവിന്റേതായിരിക്കുമെന്ന് പ്രകാശ് സൂചിപ്പിച്ചു. കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം വി.ബി.എയെ നാലാം കക്ഷിയായും, സേനയും വി.ബി.എയും ഒറ്റയ്ക്കുമുള്ള സഖ്യരൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.