മോദി ജനകീയനെന്ന് പ്രശാന്ത് കിഷോർ; ഓഡിയോ പുറത്തുവിട്ട് ബിജെപി

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azhar

മമതാ ബാനർജിയുടെ രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബംഗാളിൽ മമതാ ബാനർജിയുടെ രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മോദി അനുകൂല ചാറ്റ് പുറത്തുവന്നത് വിവാദമാകുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയെപ്പോലെ ജനകീയനാണെന്നാണ് സമൂഹമാധ്യമ ആപ്ലിക്കേഷനായ ക്ലബ്ഹൗസിന്റെ ചാറ്റിൽ കിഷോർ പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ ബി.ജെ.പിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

 

 

നാലാം ഘട്ട പോളിങ് ബംഗാളിൽ തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മോദിയെ പ്രകീർത്തിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരുമായുള്ള ചാറ്റിലാണ് കിഷോർ ഇക്കാര്യങ്ങൾ പറയുന്നത്. മമത ബാനർജി സർക്കാരിനുനേർക്കുള്ള ധ്രുവീകരണം, രോഷം തുടങ്ങിയവയും ദലിത് വോട്ടുകളും ബിജെപിക്ക് അനുകൂലമായി ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുമെന്നും കിഷോർ പറയുന്നുണ്ട്.

 

 

തൃണമൂലിന്റെ കൈയിൽനിന്ന് ഈ തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടുപോയെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത് ആരോപിക്കുന്നത്. ആരെങ്കിലും ക്ഷണിക്കുന്നതിലൂടെ മാത്രം അംഗങ്ങളാകാൻ സാധിക്കുന്ന സമൂഹമാധ്യമ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. ഇവിടെ ചാറ്റിനുള്ള ശബ്ദസന്ദേശങ്ങൾ അയയ്ക്കാനുള്ള സൗകര്യവും ഉണ്ട്.

അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് കിഷോർ ചോദിച്ചു. ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയുന്നു ബംഗാളിൽ ബിജെപി 100 സീറ്റുകൾ കടക്കില്ല, പ്രശാന്ത് കിഷോർ വ്യക്തമാക്കി.

 

 


ഒരു ഓഡിയോ ക്ലിപ്പിൽ കിഷോർ ഇങ്ങനെ പറയുന്നു 'മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദലിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്.

 

മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദലിതർ 27 ശതമാനവും. അവർ ബിജെപിക്കൊപ്പമാണ് നിൽക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു'.

 

ആകെ എട്ടു ഘട്ട പോളിങ്ങാണ് നടക്കാനുള്ളത്. ഈ ഘട്ടങ്ങളെ പ്രശാന്ത് കിഷോറിന്റെ ഓഡിയോ എങ്ങനെ സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയ വിദഗ്ധർ ഉറ്റുനോക്കുന്നത്. മേയ് 2ന് ഫലം പുറത്തുവരും.

 

 

 

OTHER SECTIONS