'രാഗേഷുമായുള്ളത് അച്ഛന്‍ മകള്‍ ബന്ധമല്ല: ഒന്നിച്ച് ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ്'

By web desk .18 11 2022

imran-azhar

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ തസ്തിക വിവാദത്തില്‍ കെ.കെ.രാഗേഷിന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ മാധ്യമങ്ങളെ വിമര്‍ശിച്ച് പ്രിയ വര്‍ഗീസ്. കെ. കെ. രാഗേഷുമായുള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല.

 

ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ്. ആ കരാര്‍ തങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കുമെന്ന് പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


'പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സര്‍ക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ്. 2012ല്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോഷ്യേറ്റ് പ്രഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല.

 

ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കും. പിന്നെ ഈ കളിയില്‍ പന്തുരുട്ടാന്‍ തനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താന്‍ തനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്.'പ്രിയാ വര്‍ഗീസ് പറഞ്ഞു.

 

'എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാര്‍ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല എന്നൊക്കെ ഗീര്‍വാണമടിക്കുന്നത് കേട്ടപ്പോള്‍, ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നല്‍. ഞാന്‍ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് അത്തരം ധാര്‍മിക പ്രശ്‌നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല.

 

മാത്രമല്ല ആ റാങ്ക് പട്ടികയില്‍ ഉള്ള ഏക സ്ത്രീ ഞാന്‍ ആയിരുന്നു. കണ്ണൂര് തന്നെ ഞാന്‍ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാര്‍ ഉണ്ട്. ഡോ. ആര്‍. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തതുകൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയില്‍ തന്നെ വരാനായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്.' പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

 

 

OTHER SECTIONS