'ജനങ്ങളെ സേവിക്കൂ, ഞങ്ങള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ആവശ്യമില്ല': ഷാങ്ഹായില്‍ ചൈനീസ് സര്‍ക്കാരിനെതിരെ പ്രതിഷേധം

By Priya.27 11 2022

imran-azhar

 

ഷാങ്ഹായി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ചൈനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ പ്രക്ഷോഭം. ഷാങ്ഹായില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ തെരുവുകളില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് വിവരം.

 

ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

 

ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ് പ്രതിഷേധം തുടങ്ങാന്‍ കാരണമായത് എന്നാണ് വിവരം. തീപിടുത്തത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. കോവിഡ് നിയന്ത്രണങ്ങളാണ് മരണ സംഖ്യ വര്‍ദ്ധിപ്പിച്ചത് എന്നാണ് ആരോപണം.

 

ചൈന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. ഇവിടെ 40 ലക്ഷത്തോളം പേര്‍ 100 ദിവസം വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം.

 

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഷാങ്ഹായി നഗരത്തില്‍ ഏകദേശം 200 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം.ഡിഡബ്യൂ ന്യൂസ് ഈസ്റ്റ് ഏഷ്യ ലേഖകന്‍ വില്ല്യം യാങ് ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ അനുസരിച്ച് ഉറുംഖി റോഡില്‍ തടിച്ചുകൂടിയ ജനം.

 

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും, പ്രസിഡന്റ് ഷിക്കെതിരെയും രോഷം പ്രകടിപ്പിച്ച് മുദ്രവാക്യം വിളിക്കുന്നത് കേള്‍ക്കാം. 'സ്റ്റെപ്പ് ഡൗണ്‍ സിസിപി' തുടങ്ങിയ മുദ്രവാക്യങ്ങള്‍ കേള്‍ക്കാം എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു ഷാങ്ഹായില്‍ നിന്നുള്ള വീഡിയോയില്‍ പോലീസിനെ അഭിമുഖീകരിക്കുന്ന ജനക്കൂട്ടത്തെ കാണാം.
'ജനങ്ങളെ സേവിക്കൂ', 'ഞങ്ങള്‍ക്ക് ആരോഗ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്നിങ്ങനെ അവര്‍ മുദ്രവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്.

 

 

 

OTHER SECTIONS