By web desk.30 05 2023
ന്യൂഡല്‍ഹി: പ്രതിഷേധമായി ഗംഗാനദിയില്‍ രാജ്യാന്തര മല്‍സരവേദികളില്‍ ഉള്‍പ്പെടെ ലഭിച്ച മെഡലുകള്‍ ഒഴുക്കുന്നതില്‍നിന്ന് പിന്മാറി ഗുസ്തി താരങ്ങള്‍. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നില്‍.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) നേതാവ് നരേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളില്‍നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. മെഡല്‍ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഇവര്‍ താരങ്ങളുമായി സംസാരിച്ചു. ഖാപ് നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളില്‍ നടപടി വേണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കി. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ കടുത്ത തീരുമാനം.
രാജ്യാന്തര വേദികളില്‍ സ്വന്തം രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ വൈകിട്ടോടെ ഗുസ്തി താരങ്ങള്‍ എത്തിയത്. അതിനിടയിലാണ്, പിന്തുണയുമായി കര്‍ഷക നേതാക്കള്‍ എത്തിയത്. താരങ്ങള്‍ക്ക് പിന്തുണയുമായി വന്‍ ജനാവലിയാണ് ഹരിദ്വാറില്‍ എത്തിയത്.
അതേസമയം മെഡലുകള്‍ നദിയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് യാതൊരു ഉത്തരവും ലഭിച്ചില്ലെന്ന് ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ രംഗത്തെത്തി. ജന്തര്‍ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് കുംബ്ലെ വ്യക്തമാക്കി. ഗുസ്തി താരങ്ങള്‍ക്കായി രംഗത്തുവന്ന അനില്‍ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.