കേരളത്തിലെ ആദ്യ ബീച്ച് ഇക്കോ ടൂറിസം പദ്ധതി; പുന്നപ്ര ഇനി പഴയ പുന്നപ്രയല്ല!

By Greeshma Rakesh.02 10 2023

imran-azhar

 ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി ആലപ്പുഴയിലെ പുന്നപ്ര. ടൂറിസം വകുപ്പിന്റെ ഇക്കോടൂറിസം വിഭാഗത്തില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കേരള വനം വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് പുന്നപ്ര ബീച്ചും അതിനോട് ചേര്‍ന്നുള്ള കാറ്റാടി മരക്കൂട്ടങ്ങളും ഇക്കോടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിനായി 41 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം.'' കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം. സംസ്ഥാനത്തുടനീളമുള്ള ബീച്ചുകള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഇക്കോടൂറിസം ഡെസ്റ്റിനേഷനായി മാറിയിട്ടില്ല.സംസ്ഥാനത്തെ മിക്ക ഇക്കോടൂറിസം പദ്ധതികളും വനമേഖലയിലാണ്. സംസ്ഥാനത്തെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം സൈറ്റായി മാറുകയാണ് പുന്നപ്ര,'' സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇക്കോടൂറിസം വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള കാറ്റാടി മരക്കൂട്ടങ്ങളുടെയും ബീച്ചിന്റെയും സംരക്ഷണവും ഈ പദ്ധതി ഉറപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു.ഇതാദ്യമായാണ് വനത്തിന് പുറത്ത് വനംവകുപ്പ് ഒരു വലിയ ടൂറിസം സംരംഭം നടത്തുന്നത്. പാതകള്‍, ഇരിപ്പിടങ്ങള്‍, സെമി-ക്യാമ്പിംഗ് ക്രമീകരണങ്ങള്‍, ഡിസ്‌പ്ലേ മെറ്റീരിയലുകള്‍, ഡൈനിംഗ് സ്‌പേസ്, ഇക്കോ ഷോപ്പുകള്‍, ടോയ്ലറ്റുകള്‍, പാര്‍ക്കിംഗ് ലോട്ട്, മാലിന്യ നിര്‍മാര്‍ജന സംവിധാനം തുടങ്ങിയവ സജ്ജീകരിക്കും. രണ്ടാം ഘട്ടത്തില്‍ കാരവന്‍ ടൂറിസം, ക്യാമ്പിംഗ്, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.അതെസമയം ഇക്കോടൂറിസം ഡയറക്ടറേറ്റ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ''ഇക്കോ ടൂറിസത്തിന് ഉയര്‍ന്ന സാധ്യതയുള്ള വലിയ ഭൂപ്രദേശം വനം വകുപ്പിന്റെ കൈവശമാണ്. എന്നാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ക്ക് പണമില്ല.

 

ഒരു ഇക്കോടൂറിസം ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതുവഴി വനമേഖലയിലും പുറത്തും ടൂറിസം വകുപ്പുമായി ചേര്‍ന്നുള്ള കൂടുതല്‍ പദ്ധതികള്‍ക്ക്  സഹായിക്കും,' ശ്രീ ശശീന്ദ്രന്‍ പറയുന്നു. പൈലറ്റ് പദ്ധതി വിജയകരമായാല്‍ പുന്നപ്ര ഇക്കോടൂറിസം മറ്റ് ബീച്ചുകളിലും നടപ്പിലാക്കുമെന്ന് ഇക്കോടൂറിസം വിഭാഗം അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS