By Web Desk.20 11 2022
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നര് വലന്‍സിയയുടെ മികവില്‍ ആതിഥേയര്‍ക്കെതിരെ ഇക്വഡോറിന് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ഖത്തറിനെ വീഴ്ത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇക്വഡോര്‍ നായകന് ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറിന് മൂന്നു പോയിന്റായി.
ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തര്‍ ഫുട്ബോള്‍ ടീം. ഇക്വഡോര്‍ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോര്‍ നെതര്‍ലന്‍ഡ്സിനെയും നേരിടും.
ആവേശഭരിതമായ മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോര്‍ വിജയം പിടിച്ചത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.