എലിസബത്ത് രാജ്ഞി ഓര്‍മ്മയായി; ബ്രിട്ടണ്‍ വിതുമ്പുന്നു

By Web Desk.08 09 2022

imran-azhar

 


എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ബാല്‍മോറലിലെ വസതിയിലായിരുന്നു ജൂലൈ മുതല്‍ കഴിഞ്ഞിരുന്നത്.

 

കൂടുതല്‍ വര്‍ഷം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം. 63 വര്‍ഷം സിംഹാസനത്തിലിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ആണ് 2015 ല്‍ എലിസബത്ത് രാജ്ഞി മറികടന്നത്.

 

ബ്രിട്ടിഷ് രാജാധികാര പദവിയെത്തിയ നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, അമ്മാവനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായി. പിതാവിന്റെ മരണശേഷം, 1952 ഫെബ്രുവരി ആറിനായിരുന്നു കിരീരധാരണം. കിരീടധാരണം നടക്കുമ്പോള്‍ എലിസബത്ത് രാജ്ഞിക്ക് പ്രായം 25.

 

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് എലിസബത്ത് രാജ്ഞിയുടെ കാലം സാക്ഷ്യം വഹിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ 13 പ്രധാനമന്ത്രിമാര്‍ എലിസബത്ത് രാജ്ഞി സിംഹാസനത്തിലിരിക്കെ വന്നുപോയി. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ കോളനികള്‍ ഓരോന്നായി ഇല്ലാതായി.

 

'നിശബ്ദയായ രാജ്ഞി' എന്നാണ് എലിസബത്ത് അറിയപ്പെടുന്നത്. നീണ്ട ഭരണകാലത്തിനിടെ ഒരിക്കലും പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. എന്നു മാത്രമല്ല, പൊതുവിഷയങ്ങളിലും മൗനം പാലിച്ചു. മാധ്യമ അഭിമുഖം നല്‍കിയിട്ടില്ല. ഇടയ്ക്ക് ചില ടിവി പരിപാടികളില്‍ മുഖം കാണിച്ചിട്ടുണ്ട് എന്നുമാത്രം.

 

ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ 2021 ലാണ് അന്തരിച്ചത്. 1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായത് മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു.

 

1997 ല്‍ അമ്പതാമത്തെ വിവാഹ വാര്‍ഷികത്തിനിടെ അദ്ദേഹത്തെ കുറിച്ച് എലിസബത്ത് രാജ്ഞി പറഞ്ഞത് ഇങ്ങനെ- ''അദ്ദേഹം എന്റെ ശക്തിയാണ്, ഈ വര്‍ഷമത്രയും അത് തുടര്‍ന്നു.''

 

 

 

 

OTHER SECTIONS