By Lekshmi.24 03 2023
മുംബൈ: യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഇനത്തിൽ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് അഭിനന്ദനുമായി റെയിൽവേ മന്ത്രാലയം.ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴത്തുകയായി സമാഹരിച്ചത്.മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവെ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ജോലിയോടുള്ള ആത്മാർത്ഥതയാണ് മേരിയുടേതെന്നും 1.03 കോടി രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറിയെന്നുമുള്ള അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് വൈറലായതിന് പിന്നാലെ മേരിയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്.
മേരിയെ കൂടാതെ രണ്ട് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാർ കൂടി യാത്രക്കാരിൽ നിന്നും ഒരു കോടി രൂപയിലധികം പിഴ ഈടാക്കിയതായി സതേൺ റെയിൽവേ പത്രക്കുറിപ്പ് ഇറക്കി.2022 ഏപ്രിലിനും 2023 മാർച്ചിനുമിടയിലാണ് ഇത്.ചെന്നൈ ഡിവിഷനിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ എസ് നന്ദകുമാർ (എസ് നന്ദകുമാർ) ഒരു കോടി 55 ലക്ഷം രൂപ പിഴ ഈടാക്കി.