By Web Desk.25 09 2023
തിരുവനന്തപുരം: രാജാ രവിവര്‍മയുടെ അത്യപൂര്‍വ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ രവിവര്‍മ ചിത്രങ്ങളുള്ള ആര്‍ട്ട് ഗ്യാലറിയാണ് തിരുവനന്തപുരത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ ഒരുക്കിയ രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ കലാകാരന്മാരില്‍ ഒരാളായ രാജാരവിവര്‍മയുടെ കലാസപര്യയ്ക്ക് ഉചിതമായ സ്മാരകം യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജാരവിവര്‍മയുടെ 175-ാം ജന്മവാര്‍ഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിക്കുന്ന ഘട്ടത്തില്‍ത്തന്നെ ആര്‍ട്ട് ഗ്യാലറി സമര്‍പ്പിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ച രാജാരവിവര്‍മ കാലത്തെ അതിജീവിച്ച കലാകാരനായിരുന്നു. കൊട്ടാരക്കെട്ടിനുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ നാട്ടിലേക്കും ജനപഥങ്ങളിലേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. ഇന്ത്യന്‍ പാരമ്പര്യവും പാശ്ചാത്യ സങ്കേതങ്ങളും സമ്മേളിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രകല. ഇന്ത്യന്‍ ചിത്രകലാ രംഗത്തെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിത്രങ്ങളിലൂടെ സാര്‍വദേശീയത പുലര്‍ത്തിയ മഹാ ചിത്രകാരനാണ് രാജാ രവിവര്‍മയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ദേശത്തെയും കലാരൂപങ്ങളെയും സാംസ്‌കാരിക ജീവിതങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തി. രാജാ രവിവര്‍മയുടെ വില ലോകമാകെ അറിയുമ്പോഴും കേരളം വേണ്ടത്ര അറിയുന്നില്ലെന്നതു നിര്‍ഭാഗ്യകരമാണ്. കിളിമാനൂര്‍ കൊട്ടാരം കൈമാറിയ ചിത്രങ്ങളാണ് ഈ ആര്‍ട്ട് ഗ്യാലറിയിലുള്ളതെന്നത് വലിയ പ്രത്യേകതയാണ്. അദ്ദേഹം വരച്ചു കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി കിളിമാനൂര്‍ കൊട്ടാരം സംഭാവനയായി നല്‍കിയത്. ഇവ വരും തലമുറയ്ക്കായി സംരക്ഷിക്കാനും വരുംകാലങ്ങള്‍ക്കു പരിചയപ്പെടുത്താനും നമുക്കു കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1977 മുതലുള്ള കേരളത്തിന്റെ സ്വപ്നമാണ് ആര്‍ട്ട് ഗ്യാലറി യാഥാര്‍ഥ്യമായതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും നാടിന്റെ യശസും കീര്‍ത്തിയും ഉയര്‍ത്തുന്നതും സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാകാന്‍ കഴിയുന്നതുമായ ഗ്യാലറിയാണു നാടിനു സമര്‍പ്പിച്ചിരിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൗണ്‍സിലര്‍ കെ.എസ്. റീന, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്. അബു, കിളിമാനൂര്‍ പാലസ് ട്രസ്റ്റ് അംഗം കെ.ആര്‍. രാമവര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
136 ചിത്രങ്ങള്‍, ആധുനിക സംവിധാനങ്ങള്‍
രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുലമായ ശേഖരമാണ് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ കണ്‍സര്‍വേഷന്‍ ലാബും പുതിയ ആര്‍ട്ട് ഗാലറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രാജാരവിവര്‍മ്മയുടെ സഹോദരി മംഗളം ഭായി, സഹോദരന്‍ രാജവര്‍മ്മ എന്നിവരുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മൂന്നു വര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ആര്‍ട്ട് ഗാലറി തുറന്ന് നല്‍കുന്നത്. എണ്ണച്ചായാചിത്രങ്ങളും ആക്രലിക് ചിത്രങ്ങളും ഉള്‍പ്പെടെ 136 ചിത്രങ്ങളാണ് പുതിയ ആര്‍ട്ട് ഗാലറിയില്‍ ഉണ്ടാവുക. എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം.
പരമ്പരാഗത തനിമ നിലനിര്‍ത്തിയാണ് കെട്ടിടത്തിന്റെ രൂപകല്‍പന. 10,056 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ എക്സിബിഷന്‍ ഹാള്‍, കോണ്‍സെര്‍വഷന്‍ ഫെസിലിറ്റി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.