മിശ്രവിവാഹം ചെയ്യുന്നവര്‍ക്കുള്ള ധനസഹായം; രാജസ്ഥാൻ 10 ലക്ഷമാക്കി ഉയര്‍ത്തി

By Lekshmi.24 03 2023

imran-azhar

 

 

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം പത്ത് ലക്ഷമാക്കി ഉയര്‍ത്തി.സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.മുമ്പ് മിശ്രവിവാഹിതര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്.പുതിയ നിയമപ്രകാരം ഇപ്പോള്‍ മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം ലഭിക്കുന്നതാണ്.

 

 

 

പുതിയ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ബജറ്റ് അവതരണ വേളയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്ഥാന സാമൂഹിക നീതി വകുപ്പ് പുറപ്പെടുവിക്കുകയായിരുന്നു.

 

 

 

പുതുക്കിയ ഡോ.സവിതാബെന്‍ അംബേദ്കര്‍ ഇന്റര്‍കാസ്റ്റ് വിവാഹ പദ്ധതി പ്രകാരം ദമ്പതികള്‍ക്ക് അനുവദിക്കുന്ന 10 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ എട്ട് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി നിക്ഷേപിക്കും.ബാക്കി അഞ്ച് ലക്ഷം രൂപ ഇരുവരുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലായിരിക്കും നിക്ഷേപിക്കുക.

 

 

 

2006ലാണ് മിശ്രവിവാഹിതര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. തുടക്കത്തില്‍ 50000 രൂപയായിരുന്നു ധനസഹായമായി നല്‍കിയിരുന്നത്.എന്നാല്‍ 2013ല്‍ ഈ തുക അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു.കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.

 

 

 

75 ശതമാനം ഫണ്ടും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.25 ശതമാനം വിഹിതമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയ്ക്കായി സര്‍ക്കാര്‍ 33.55 കോടി രൂപയാണ് അനുവദിച്ചത്.ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

 

 

OTHER SECTIONS