രാജ്യസഭ: നിര്‍മ്മല സീതാരാമനു വിജയം, അജയ് മാക്കന് പരാജയം

By Web Desk.11 06 2022

imran-azhar

 

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണമുന്നണിയായ മഹാവികാസ് അഘാഡിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനും തിരിച്ചടി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ മൂന്നു സ്ഥാനര്‍ഥികളും വിജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മ പരാജയപ്പെടുത്തി.

 

മഹാരാഷ്ട്രയില്‍ ബിജെപി സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, അനില്‍ ബോന്ദെ, ധനഞ്ജയ് മഹാധിക് എന്നിവര്‍ വിജയിച്ചു. ശിവസേനയുടെ സഞ്ജയ് പവാര്‍ പരാജയപ്പെട്ടു. മഹാവികാസ് അഘാഡിയുടെ മൂന്ന് എംഎല്‍എമാരുടെ വോട്ട് ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കി.

 

കര്‍ണാടകയിലെ ത്രികോണമല്‍സരത്തിലും ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ മൂന്നു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ ജഗ്ഗേഷ്, ലെഹാര്‍ സിങ് സിറോയ എന്നിവരാണ് ജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍നിന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശും ജയിച്ചു.

 

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്നു സീറ്റില്‍ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി. പ്രമോദ് തിവാരിയും ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു മത്സരം.

 

രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ 12 സീറ്റുകളിലേക്ക് മത്സരം ഒഴിവായപ്പോള്‍ ബാക്കിയുള്ള നാല് സീറ്റുകളിലേക്കായിരുന്നു പോരാട്ടം.

 

 

 

 

OTHER SECTIONS