ചരിത്രം പിറന്നു; വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി രാജ്യസഭയും

By Web Desk.21 09 2023

imran-azhar

 

 


ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. വോട്ടെടുപ്പില്‍ 215 പേരും അനുകൂലിച്ചു. ബില്ലിനെ ആരും എതിര്‍ത്തില്ല.

 

ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തില്‍ സംവരണത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും ഒന്‍പത് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭേദഗതിയില്‍ ആവശ്യപ്പെടുന്നു.

 

ഭരണപക്ഷ പ്രതിപക്ഷ പിന്തുണയോടെ ബില്‍ ബുധനാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. 454 പേര്‍ അനുകൂലിച്ചും 2 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.

 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങില്‍ ലോക്‌സഭയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. 'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്‌സഭ ബില്‍ പാസാക്കിയത്.

 

 

കോട്ടയത്ത് കനത്ത മഴ, ഉരുള്‍പൊട്ടലില്‍ ഗതാഗതം തടസ്സപ്പെട്ടു; വെള്ളാനി ഒറ്റപ്പെട്ടു

 

കോട്ടയം: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലില്‍ കനത്ത കൃഷിനാശം ഉണ്ടായി. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്, റോഡില്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 

കനത്ത മഴയില്‍ വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയില്‍ ഗതാഗതം തടസപ്പെട്ടു. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു.

 

മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയരുന്നു. തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

 


വയനാട്ടില്‍ നിന്ന് കാണാതായ അമ്മയെയും അഞ്ചു മക്കളെയും ഗുരുവായൂരില്‍ കണ്ടെത്തി

 


തൃശൂര്‍: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലില്‍ വിമിജ (40), മക്കളായ വൈഷ്ണവ (12), വൈശാഖ് (11), സ്‌നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്.

 

സെപ്റ്റംബര്‍ 18 മുതലാണ് ഇവരെ കാണാതായത്. കൂടോത്തുമ്മലിലെ വീട്ടില്‍ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു യുവതി. എന്നാല്‍, സ്വന്തം വീട്ടില്‍ എത്തിയില്ല. ഫോണിലും പ്രതികരണമുണ്ടായില്ല.

 

തുടര്‍ന്നാണ് കുടുംബം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

 


കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെളളിയാഴ്ച മലപ്പുറത്തും കണ്ണൂരും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

നിലവില്‍ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴി കോമോറിന്‍ മേഖലക്ക് മുകളിലായും നിലനില്‍ക്കുന്നു.്.

 

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യാഴവും വെളളിയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള - - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

 

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 


നിപ ആശങ്ക ഒഴിയുന്നു; കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ്

 

 

കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. വ്യാഴാഴ്ച ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി.

 

വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ക്വാറന്റൈനില്‍ ഉള്ളവര്‍ അത് തുടരണം.

 

ജില്ലയില്‍ പൊതു നിയന്ത്രണങ്ങള്‍ തുടരും. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

 

കോഴിക്കോട് കോര്‍പ്പറേഷനിലെയും ഫറോക്ക് മുനിസിപ്പാലിറ്റിയിലെയും കണ്ടയിന്‍മെന്റ് സോണുകളില്‍ 8 മണി വരെ കടകള്‍ തുറക്കാം. ഉച്ചക്ക് 2 മണി വരെ ബാങ്കുകളും പ്രവര്‍ത്തിക്കും.

 

നിലവില്‍ 981 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വ്യാഴാഴ്ച ഒരാളെ പുതുതായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യാഴാഴ്ച്ച 307 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 

 

 

 

OTHER SECTIONS