തൃശൂരില്‍ അവശയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

By Web Desk.06 02 2023

imran-azhar

 


തൃശൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനിടെ ആംബുലന്‍സില്‍ വച്ച് പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ ദയാലാല്‍ അറസ്റ്റിലായി.

 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കയ്പമംഗലം സ്വദേശിയായ യുവതിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പീന്നീട് വിദഗ്ധ ചികിത്സയ്ക്കായി അവിടെ നിന്നും യുവതിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതിക്കൊപ്പം പോകാന്‍ ആരും ഉണ്ടായിരുന്നില്ല.

 

ആ സമയത്താണ് ആശുപത്രിയിലെ താല്‍ക്കാലിക ഇലക്ട്രിക്കല്‍ ജീവനക്കാരനായ ദയാലാല്‍ പെണ്‍കുട്ടിക്കൊപ്പം പോകാമെന്നു സമ്മതിച്ചത്. യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചും പിന്നീട് ആശുപത്രിയില്‍വച്ചും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം യുവതി മെഡിക്കല്‍ കോളജിലെ നഴ്‌സിനെ അറിയിച്ചു. യുവതിയുടെ ബന്ധുവെന്ന നിലയ്ക്കാണ് ദയാലാലിന്റെ പെരുമാറ്റം.

 

ഇയാളെ പിന്നീട് പെണ്‍കുട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി ദയാലാലിനെ പിടികൂടുകയായിരുന്നു.

 

 

OTHER SECTIONS