By web desk.25 05 2023
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി അമേരിക്കയില്‍ സ്ഥാനാര്‍ഥി ചിത്രം തെളിയുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പ്രചാരണം തുടങ്ങി. ട്വിറ്ററിലൂടെയാണ് ഡിസാന്റിസ് പ്രചരണത്തിന് തുടക്കമിട്ടത്. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്റിസ് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
44കാരനാണ് റോണ്‍ ഡിസാന്റിസ് ഇതു രണ്ടാം തവണയാണ് ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ പദവിയില്‍ എത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെയും നിലപാടുകളെയും പിന്തുണയ്ക്കുന്നയാളാണ് ഡിസാന്റിസ്. ട്രംപിന്റെ പിന്‍തുണയോടെയാണ് ഡിസാന്റിസ് ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ പദവിയില്‍ എത്തിയത്.
യാഥാസ്ഥിതിക നിലപാടുകളിലൂടെ കുപ്രസിദ്ധനാണ് ഡിസാന്റസ്. സ്‌കൂളുകളിലെ ലിംഗസ്വത്വ ചര്‍ച്ചകളുടെ നിയന്ത്രണം, എല്‍ജിബിടിക്യു വിഭാഗത്തിന് എതിരായ നയങ്ങള്‍ നടപ്പാക്കുക, ആറാഴ്ചയ്ക്ക് ശേഷമുളള ഗര്‍ഭച്ഛിദ്രം നിരോധിക്കുക ഉള്‍പ്പെടെ പുരോഗമന ആശയങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നയാളാണ് ഡിസാന്റിസ്.
ട്രംപിനോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്, ഡിസാന്റിസ്. ട്രംപിന്റെ പിന്‍ഗാമി എന്ന നിലയിലാവും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന സൂചനയാണ് ഡിസാന്റിസ് നല്‍കുന്നത്. ട്രംപിനായി നിലകൊള്ളാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു എന്നാണ് ഡിസാന്റിസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇറ്റലിയില്‍ വേരുകളുള്ള ഡിസാന്റിസ്, അമേരിക്കന്‍ നാവിക സേനയില്‍ നിയമ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2012-ല്‍ ആണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
നേരിയ ഭൂരിപക്ഷത്തിനാണ്, 2018-ല്‍ ഫ്‌ളോറിഡയില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, 2022-ലെ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപത്തിനാണ് ഡിസാന്റിസ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ മിക്ക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും അടിതെറ്റി വീണപ്പോഴും ഡിസാന്റിസിന്റെ വിജയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.