ചെന്നൈ കലാക്ഷേത്രയില്‍ മലയാളി അധ്യാപകരുടെ ലൈംഗിക പീഡനം; വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

By Greeshma Rakesh.31 03 2023

imran-azhar

 

ചെന്നൈ: മലയാളികളായ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി സംഭവത്തില്‍ പൊലീസ് കേസെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

 


അക്കാദമിക് സ്‌കോര്‍ കുറയ്ക്കുമെന്നടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി.സംഭവത്തില്‍
കലാക്ഷേത്രയിലെ മലയാളി അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായികൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ ഉടന്‍ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഇരകളായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുന്ന തരത്തില്‍ അധ്യാപകര്‍ പെരുമാറുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

 


കഴിഞ്ഞ ഏതാനം ദിവസങ്ങളായി മറ്റ് അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തി ആകാത്തവരടക്കം വിദ്യാര്‍ത്ഥികള്‍ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപിതര്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടികളുമെടുക്കാത്ത സാഹചര്യത്തിലാണ് ഭീഷണി അവഗണിച്ചും വിദ്യാര്‍ത്ഥികള്‍ സമരത്തിനറങ്ങിയത്. വലിയൊരു വിഭാഗം അധ്യാപകരുടേയും പിന്തുണ ഇവര്‍ക്കുണ്ട്. എന്നാല്‍ സമരം ശക്തമായതോടെ അടുത്ത മാസം ആറ് വരെ കോളേജ് അടച്ചിടുകയാണെന്ന് പ്രിന്‍സിപ്പല്‍ പ്രഖ്യാപിക്കുകയായിരുന്നു.

 


വിദ്യാര്‍ത്ഥികള്‍ ഉടനടി കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് നിര്‍ദ്ദേശം. ഈ കാലയളവിലെ പരീക്ഷകളും മാറ്റിവച്ചു. പിന്മാറാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും സമരം തുടര്‍ന്നതോടെ വന്‍ പൊലീസ് സംഘമാണ് കാമ്പസിലെത്തിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ കുറ്റാരോപിതരായ നാലുപേരെയും പുറത്താക്കുകയും കേസെടുക്കുകയും ചെയ്യാതെ സമരം നിര്‍ത്തില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആവര്‍ത്തിക്കുന്നത്.

OTHER SECTIONS