By priya.09 06 2023
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിച്ച സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കുമെന്ന് റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സൂക്ഷിച്ചതോടെ കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനമായത്.
സ്‌കൂളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചതുകൊണ്ട് പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും അറിയിച്ചു.
ജൂണ്‍ 16നാണ് വേനല്‍ക്കാല അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുക. ബഹനാഗ നോഡല്‍ ഹൈസ്‌കൂളിലാണ് മൃതദേഹം ആദ്യം സൂക്ഷിച്ചത്. അപകട സ്ഥലത്തിന്റെ 500 മീറ്റര്‍ അകലെയാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
250-ഓളം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ താല്‍ക്കാലികമായി സ്‌കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു.ആറ് ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടത്തിയത്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കെട്ടിടം മുഴുവന്‍ അണുവിമുക്തമാക്കിയിരുന്നു. എന്നാല്‍, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്‌കൂളിലെത്തില്ലെന്ന് അറിയിച്ചത്.
ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോര്‍ കളക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ അഭ്യര്‍ത്ഥിച്ചു. ഓഫീസര്‍മാരുടെയും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമായിരിക്കും നടപടി.
യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദഗ്ധ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമുണ്ട്. അപകടത്തിന്റെ ആഘാതം വലിയ രീതിയിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രധാന അധ്യാപിക പ്രമീള സ്വയിന്‍ പറഞ്ഞു.