കടല്‍ക്കൊട്ടാരത്തില്‍ വന്‍തിരക്ക്; വിസ്മയ കാഴ്ച്ചകളുമായി സീ വേള്‍ഡ് അബുദാബി

By Greeshma Rakesh.24 05 2023

imran-azhar

 

അബുദാബി: മേഖലയിലെ ഏറ്റവും വലിയ മറൈന്‍ തീം പാര്‍ക്കായ സീ വേള്‍ഡ് അബുദാബിയില്‍ വന്‍ തിരക്ക്. കരയിലെ കടല്‍ക്കൊട്ടാരത്തിന്റെ വിസ്മയകാഴ്ച്ചകള്‍ ആദ്യദിനം തന്നെ കാണാനും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാനുമായിരുന്നു സന്ദര്‍ശകപ്രവാഹം.ലോഞ്ചിങ് പോയിന്റില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിന്റെ സവിശേഷതകള്‍ വിവരിച്ചുകൊടുത്ത ശേഷമാണ് പ്രവേശിപ്പിച്ചത്.

 

ഉദ്ഘാടന ദിനത്തില്‍ ലേസര്‍ ഷോയും സംഗീത കച്ചേരിയും ഒപ്പം ഡോള്‍ഫിന്‍ ഷോയും ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളാണ് അധികൃതര്‍ ഒരുക്കിയത്.ഇമറാത്തി ഗായകന്‍ ഹുസൈന്‍ അല്‍ ജസ്മിയും സ്‌കോട്ടിഷ് ആര്‍ട്ടിസ്റ്റ് റെഡും 120 അംഗ ഓര്‍ക്കസ്ട്രയും ചേര്‍ന്ന് മാസ്മരിക സംഗീതത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി.

 

തീം പാര്‍ക്കുകളുടെ ദ്വീപായ യാസ് ഐലന്‍ഡിലെ ഏറ്റവും പുതിയ മറൈന്‍ തീം പാര്‍ക്കാണ് സീ വേള്‍ഡ് അബുദാബി. മൈക്രോ ഓഷ്യന്‍, എന്‍ഡ്ലെസ് ഓഷ്യന്‍, ട്രോപ്പിക്കല്‍ ഓഷ്യന്‍, റോക്കി പോയിന്റ് തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളില്‍ ഒരുക്കിയ തീം പാര്‍ക്കിലെ ജീവജാലങ്ങളെയും സവിശേഷതകളും കാണാനും മനസിലാക്കാനും ആസ്വദിക്കാനും മിനിറ്റുകള്‍ പോരാ. മറിച്ച് മണിക്കൂറുകള്‍ വേണം.

 

കണ്ടല്‍ക്കാടുകള്‍, ഫോസില്‍ ഡ്യൂണ്‍സ്, പര്‍വതങ്ങള്‍, ഗുഹകള്‍, പാറക്കെട്ടുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി അഞ്ചുനിലക്കെട്ടിടത്തിലെ ചില്ലുകൊട്ടാരത്തില്‍ ആഴക്കടലിന്റെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും ഒരുക്കിയാണ് ഒരു ലക്ഷത്തിലേറെ സമുദ്ര ജീവികളെ സംരക്ഷിച്ചിരിക്കുന്നത്. വിവിധ തട്ടുകളില്‍ നിന്ന് ഇവയെ അടുത്തുകാണാനുള്ള ആകാംശയിലായിരുന്നു ഇവിടെ എത്തിയ ഓരോ സന്ദര്‍ശകരും.

 

വ്യത്യസ്ത പ്രമേയങ്ങളില്‍ 8 സോണുകളാക്കി തിരിച്ചു 1.83 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സീവേള്‍ഡ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 2.5 കോടി ലീറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന പാര്‍ക്കില്‍ ഒരു ലക്ഷത്തിലേറെ കടല്‍ജീവികളെ കാണാം. ചില്ലു ടണല്‍ പാതയിലൂടെയുളള കാഴ്ചകളാണ് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിച്ചത്. സമയം ഏറെയായിട്ടും തിരികെ പോകാന്‍ മടിച്ച കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കിയാണ് അധികൃതര്‍ യാത്രയാക്കിയത്.

 

OTHER SECTIONS