By Web Desk.25 09 2023
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത രാജാ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങില്‍ സുരക്ഷാ വീഴ്ച. ഉദ്ഘാടന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ യുവാവ് വേദിയിലേക്ക് ഒാടിക്കയറുകയായിരുന്നു.
മുഖ്യമന്ത്രി അപ്പോഴേക്കും താഴെ ഇറങ്ങിയിരുന്നു. ഇയാള്‍ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ആലിംഗനം ചെയ്യുകയായിരുന്നു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് തൊട്ടടുത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു. പൊലീസ് ഓടിയെത്തി ഇയാളെ താഴേക്കു വലിച്ചിഴച്ചു നീക്കി. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന്‍ എന്നയാളാണ് വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പൊലീസുകാരോട് ദേഷ്യപ്പെട്ടു.