By Web Desk.30 10 2022
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിനെ പെണ്‍സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയത് കൊലപ്പെടുത്താനെന്ന് പൊലീസ്. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി ചേര്‍ത്തു നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എഡിജിപി അജിത് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയുടെ മൊഴിയും എഡിജിപി വ്യക്തമാക്കിയത്
ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബന്ധം തകര്‍ന്നു. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയ്യാറായില്ല. അതോടെ ഷാരോണിനെ ഒഴിവാക്കാനാണ് വി,ം നല്‍കിയത്.
ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കി. എന്നാല്‍, അതൊന്നും നടന്നില്ല. പല കഥകള്‍ പറഞ്ഞു നോക്കി. ജാതകത്തിന്റെ കാര്യവും പറഞ്ഞു നോക്കി. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രീഷ്മ വിഷം നല്‍കാന്‍ തീരുമാനിച്ചത്.
ഗ്രേീഷ്മയുടെ അമ്മയ്ക്കായി വീട്ടില്‍ത്തന്നെ ഉണ്ടാക്കിയ കഷായത്തിലാണ് കീടനാശിനി കലക്കി കൊടുത്തത്. ക്യാപിക് എന്ന കീടനാശിനിയാണ് കലക്കിയത്. ഷാരോണ്‍ ബാത്‌റൂമില്‍ പോയപ്പോഴാണ് നേരത്തെ തയ്യാറാക്കി വച്ചിരുന്ന കഷായത്തില്‍ കീടനാശിനി കലക്കിയത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.
ഇരുവരും തമ്മില്‍ വിവാഹം നടന്നതായി മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു. പള്ളിയില്‍ പോയി സിന്ദൂരം ചാര്‍ത്തിയതായി മാത്രമാണ് പറഞ്ഞത്.
പാറശാല പൊലീസില്‍ നിന്ന് ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതിനു പിന്നാലെ മൊഴി നല്‍കുന്നതിനായി ഹാജരാകാന്‍ പെണ്‍കുട്ടിയോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തക്ക വിവരങ്ങള്‍ ഇതുവരെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് എഡിജിപി വ്യക്തമാക്കി. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ ചോദ്യം ചെയ്തത്.
റൂറല്‍ എസ്പി ഡി.ശില്‍പയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. റൂറല്‍ എസ്പിയും എഎസ്പി സുല്‍ഫിക്കറും അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നുണ്ട്.