By Priya.10 03 2023
ഹാംബര്‍ഗ്: ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ജര്‍മ്മന്‍ പൊലീസ്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
അതേസമയം, ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്.
വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല.
ആറ് പേര്‍ കൊല്ലപ്പെട്ടതായി നിരവധി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമി ഒളിവില്‍ കഴിയുകയാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.