By Priya.09 12 2022
ഡല്‍ഹി: പ്രളയകാലത്ത് ഉള്‍പ്പടെ കേരളത്തിന് അനുവദിച്ച ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.
മുന്‍പ് പതിവില്ലാത്ത നടപടിയാണിത്. ജിഎസ്ടിയില്‍ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു.
വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം പ്രളയകാലത്ത് നല്കിയ ഭക്ഷ്യധാന്യത്തിന്റെ പണം തിരികെ ആവശ്യപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.ലോക്സഭയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലാണ് ഈ വിഷയത്തിലെ നിലപാട് അറിയിച്ചത്.
പ്രകൃതി ദുരന്തത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാറുണ്ട്. കേരളം പണം നല്‍കുമെന്ന് ഉറപ്പിന്മേലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ കേരളം നിലപാട് മാറ്റുകയാണ്.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം കൃത്യമായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കണം. പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിച്ച ഫണ്ടുകളില്‍ നിന്ന് പണം നല്‍കാറുണ്ട്. കേരളത്തിന് മാത്രം പ്രത്യേക പരിഗണന ഇല്ലെന്നും അദ്ദേഹം പറഞ്ഞു.