By Web Desk.09 12 2022
ഇറ്റലിയിലെ കൊണ്ട്രാട എന്ന കുഗ്രാമത്തില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് എത്ര ദൂരമുണ്ടാകും! സോണിയ ഗാന്ധി എന്ന വ്യക്തിത്വത്തിന്റെ ജീവിതയാത്രയുടെ ദൈര്‍ഘ്യം തീര്‍ച്ചയായും അതിനുണ്ടാവും. എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോയില് നിന്നും സോണിയാ ഗാന്ധിയിലേക്കുള്ള മാറ്റത്തിന്റെ ദൈര്‍ഘ്യം!
1946 ഡിസംബര്‍ ഒമ്പതിന് ഇറ്റലിയിലെ ലൂയിസിയാനയില്‍ കോണ്ട്രാട ഗ്രാമത്തിലാണ് സോണിയയുടെ ജനനം. മാതാപിതാക്കളായ സ്റ്റെഫാനോ മൈനോയുടെയും പൗലോയുടെയും മൂന്നു പെണ്മക്കളില് ഒരാള്‍. പിതാവിന്റെ ഉപജീവന മാര്‍ഗ്ഗം കെട്ടിട നിര്‍മ്മാണ വ്യവസായത്തിലായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം കത്തോലിക്ക സ്കൂളിലായിരുന്നു. ഓര്ബസ്സാണോയിലായിരുന്നു കൗമാരം കഴിച്ചുകൂട്ടിയത്. 1964ല്‍ കെയിംബ്രിഡ്ജിലെ ഒരു ഭാഷാ സ്ഥാപനത്തില്‍ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. പഠനത്തോടൊപ്പം ഒരു റസ്റ്റോറന്റില്‍ വെയിറ്ററസായി ജോലിയും ചെയ്തു. അവിടെ വച്ചായിരുന്നു എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടായത്. നെഹ്റു കുടുംബത്തിലെ ഇളം തലമുറക്കാരന് രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് ഈ റസ്റ്റോറന്റില്‍ വച്ചായിരുന്നു.
കെയിംബ്രിഡ്ജ് യുണിവേസിറ്റിയില്‍ രാജീവ് ഗാന്ധി അന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. ഹോട്ടല്‍ ഉടമയായ ചാള്‍സ് അന്റോണിയോട് ആ പെണ്‍കുട്ടിയെ തനിക്ക് പരിചയപ്പെടുത്തണമെന്ന് രാജീവ് പറഞ്ഞു. അക്കാലത്തെ രാജീവ് ഓര്‍ത്തെടുത്തത് ഇങ്ങനെ:
'ഞാന്‍ ആദ്യമായി സോണിയയേ കണ്ടുമുട്ടിയപ്പോള്‍ അവള് എനിക്കുവേണ്ടിയുള്ളവളെന്ന് എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. കളങ്കമില്ലാത്ത അവളുടെ മനസിനെ എന്റെ ഹൃദയം കീഴ്പ്പെടുത്തി. എന്തും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു, വായാടിയായ അവള് ഒന്നും മനസ്സില്‍ ഒളിച്ചുവയ്ക്കില്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അവള് എന്നെ പരിപൂര്‍ണ്ണമായും മനസിലാക്കിയിരുന്നു. അവളുടെയും എന്റെയും പാവനമായ സ്നേഹത്തിനുമുമ്പില്‍ ഞാന്‍ സ്വയം ഒരു സ്വപ്ന തീര്‍ത്ഥാടകനായി മാറിക്കഴിഞ്ഞിരുന്നു.'
തന്റെ പ്രണയത്തെപ്പറ്റി രാജീവ്, അമ്മ ഇന്ദിര ഗാന്ധിക്ക് കത്തെഴുതി. കത്ത് ലഭിച്ച ഇന്ദിര അവരുടെ അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റുമായി ആലോചിച്ചു. തുടര്‍ന്ന് മകന്റെ പ്രണയിനിയെ കാണാന്‍ തീരുമാനിച്ചു.
1965ല്‍ ഇന്ദിരാ ഗാന്ധി ഇംഗ്ലണ്ടിലെത്തി. സോണിയയെ രാജീവ് പരിചയപ്പെടുത്തി. അപ്പോഴേക്കും രാജീവും സോണിയയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ദിര ഗാന്ധി അവരുടെ ബന്ധത്തിന് തടസം നിന്നില്ല. സോണിയയെ ഇന്ത്യയിലേക്കു ഇന്ദിര ക്ഷണിച്ചു.
എന്നാല്‍, സോണിയയുടെ പിതാവ് സ്റ്റെഫാനോ മൈനോയ്ക്ക് ഇവരുടെ വിവാഹ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. രാജീവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാല്‍, ഒരു രാഷ്ട്രീയ കുടുംബത്തിലേക്ക്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകന്റെ ഭാര്യയായി മകള്‍ പോകുന്നതിലുള്ള ആശങ്കയായിരുന്നു സോണിയയുടെ പിതാവിനുണ്ടായിരുന്നത്.
കെയിംബ്രിഡ്ജില്‍ നിന്നും എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ 1967ല്‍ രാജീവ് ഗാന്ധി ഇന്ത്യയില്‍ മടങ്ങിയെത്തി. 1968ല്‍ സോണിയ്ക്ക് 21 വയസു തികഞ്ഞപ്പോള്‍, അവരും രാജീവിനൊപ്പം ഇന്ത്യയില്‍ എത്തി. കെയിംബ്രിഡ്ജില്‍ നിന്ന് മടങ്ങി വന്ന രാജീവ് ഇവിടെ പൈലറ്റായി ജോലിചെയ്യുകയായിരുന്നു.
സോണിയ വിവാഹിതയാകും മുമ്പ് ബച്ചന് കുടുംബത്തിലായിരുന്നു താമസിച്ചിരുന്നത്. നെഹ്റു കുടുംബം രാജീവ്-സോണിയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 1968 ജനുവരി അവസാനം രജീവും സോണിയയുമായുള്ള വിവാഹ നിശ്ചയം ഉറപ്പിച്ചു. ന്യൂഡല്‍ഹിയിലുള്ള ബച്ചന്റെ വസതിയിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. പിന്നീട് ഔദ്യോഗികമായ വിവാഹവും നടന്നു. രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.
സോണിയ, നെഹ്റു കുടുംബത്തിന്റെ ഭാഗമായി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തിനൊപ്പം ആദ്യം രാജീവിന്റെ നിഴലായും രാജീവിന്റെ മരണശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലും സോണിയ സഞ്ചരിച്ചു. പ്രധാനമന്ത്രിയ്ക്കും മുകളില്‍, ഭരണത്തിന്റെ ശക്തികേന്ദ്രമായി.
2004ല്‍ സോണിയാ ഗാന്ധിയെ ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ മൂന്നാമത്തെ പ്രബലയും ശക്തയുമായ വനിതയായി വിശേഷിപ്പിച്ചു. 2010ലെ ബ്രിട്ടീഷ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലോകത്തിലെ അഞ്ചു സ്വാധീനമുള്ള സ്ത്രീകളുടെ ലിസ്റ്റില്‍ സോണിയയുമുണ്ടായിരുന്നു.