മൂന്നാറിലെ സ്കോളർഷിപ്പ് പരീക്ഷ തട്ടിപ്പ്; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

By Lekshmi.04 12 2022

imran-azhar

ഇടുക്കി: മൂന്നാറിലെ എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ തട്ടിപ്പിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.സ്കുളിലെ അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.പൊതുവിദ്യാഭ്യാസ വകുപ്പ് അഡീ.ഡയറക്ടർ ഓഫ് പബ്ളിക് ഇൻസ്പെക്ടർ സി.എ.സന്തോഷിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

 

മൂന്നാർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലാണ് എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ തട്ടിപ്പ് നടന്നത്.മൂന്നാർ എ.ഇ.ഒ, ബി.ആർ.സി ഉദ്യോഗസ്ഥർ, പരീക്ഷ തട്ടിപ്പു നടന്ന സ്ക്കൂളുകളിലെ അധ്യാപകർ എന്നിവരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.പരീക്ഷ നടന്ന തോട്ടം മേഖലയിലെ സ്കൂളുകളിൽ വച്ചു തന്നെ ഉത്തരകടലാസിൽ ക്രമക്കേട് നടന്നുവെന്ന് സംഘം കണ്ടെത്തിയതായാണ് സൂചന.

 

അന്വേഷണ റിപ്പോർട്ട് നാലു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുമെന്ന് അന്വേഷണ സംഘത്തലവൻ സി.എ. സന്തോഷ് പറഞ്ഞു.സംഭവം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി.കഴിഞ്ഞ ഒക്ടോബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിലാണ് മൂന്നാർ ഉപജില്ലയിൽ പെട്ട തോട്ടം മേഖലയിലെ സ്കൂളുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

 

സംസ്ഥാന തലത്തിൽ 10.37 ശതമാനമായിരുന്നു വിജയശതമാനം.എന്നാൽ മൂന്നാർ മേഖലയിൽ 75 ശതമാനമായിരുന്നു വിജയം.ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടികൾ എഴുതിയ ചോദ്യപേപ്പറുകളിലെ തെറ്റായ ഉത്തരങ്ങൾ വെട്ടി തിരുത്തി ശരിയുത്തരങ്ങൾ എഴുതിയതായി കണ്ടെത്തിയത്.

OTHER SECTIONS