By Web Desk.31 10 2022
ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇലോണ്‍ മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. അക്കൗണ്ട് വെരിഫിക്കേഷന് നയങ്ങളിലടക്കം മാറ്റം വരുത്തുമെന്നും ട്വീറ്റുകളിലെ അക്ഷര പരിധി വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് ട്വിറ്റര്‍ കടക്കുമെന്നും ഇതിനകം വ്യക്തമായി കഴിഞ്ഞു.
ട്വിറ്ററില്‍ വരാനിരിക്കുന്ന വമ്പന്‍ മാറ്റങ്ങള്‍ക്കെല്ലാം പിന്നില്‍ മസ്ക്കിനൊപ്പം നിര്‍ണായക സാന്നിധ്യമായി ഒരു ഇന്ത്യന്‍ വംശജനും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ട്വിറ്ററിന്റെ പുതിയ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കിനെ സഹായിക്കാനെത്തുന്നത് ടെക്നോളജി രംഗത്ത് പ്രശസ്തനായ ശ്രീറാം കൃഷ്ണനെന്ന ഇന്ത്യന്‍ വംശജനായിരിക്കുമെന്നാണ് ഉറപ്പാകുന്നത്. ശ്രീറാം തന്നെ പങ്കുവച്ച് ഒരു ട്വീറ്റാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരമാകുന്നത്. ആന്‍ഡ്രീസെന്‍ ഹോറോവിറ്റ്സിന്റെ പങ്കാളി കൂടിയായ ശ്രീറാം ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം ഇലോണ്‍ മസ്ക്കിനെ സഹായിക്കാന്‍ ഞാനുമുണ്ടെന്നായിരുന്നു. ഇതോടെയാണ് ട്വിറ്ററിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഇദ്ദേഹത്തിന്റെ കൈകളുമുണ്ടെന്ന ചര്‍ച്ച സജീവമായത്.
ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്സിന്റെ പങ്കാളി എന്ന നിലയിലാണ് ശ്രീരാം കൃഷ്ണന് ഇപ്പോള്‍ അറിയപ്പെടുന്നത്. ബിറ്റ്സ്കി, ഹോപിന്, പോളി വര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് ശ്രീറാം. ട്വിറ്റര്‍, സ്നാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധങ്ങളായി പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേരത്തെ നേതൃത്വം നല്‍കിയിട്ടുണ്ട്.
സ്നാപ്പ്, ഫെയ്സ്ബുക്ക് എന്നിവയ്ക്ക് വേണ്ടിയുള്ള മൊബൈല്‍ പരസ്യ ഉല്പന്നങ്ങള് നിര്‍മിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയെക്കുറിച്ചും ക്രിപ്റ്റോകറന്സിയെക്കുറിച്ചും ഒരു പോഡ് കാസ്റ്റും അദ്ദേഹം ഭാര്യക്കൊപ്പം ചെയ്യുന്നുണ്ട്.