കയ്യില്‍ പണമില്ല; ലോട്ടറി വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയില്‍ നിന്നും ഒരു ടിക്കറ്റ്, ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം

By Greeshma Rakesh.22 03 2023

imran-azhar

 

 

തിരുവനന്തപുരം: സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ് കഴക്കൂട്ടം ആറ്റിന്‍കുഴി തൈക്കുറുമ്പില്‍ വീട്ടില്‍ ബാബുലാല്‍( 54) എന്ന ചുമട്ടു തൊഴിലാളി. കേരള സംസ്ഥാന സ്ത്രീ ശക്തി ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഇനി ചുമട്ടുതൊഴിലാളിയായ ബാബുലാലിന് സ്വന്തം.

 

കഠിനംകുളം ചാന്നാങ്കരയില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന ഒരു പെണ്‍കുട്ടി ദിവസവും ആറ്റിന്‍കുഴിയിലെത്തും. ആ കുട്ടിയില്‍ നിന്നാണ് ബാബുലാലും സഹപ്രവര്‍ത്തകരും സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നത്. അതെ സമയം കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ബാബുലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല.


കഴിഞ്ഞദിവസം ബാബുലാല്‍ പതിവുപോലെ യൂണിയന്‍ ഓഫീസിലെത്തിയിരുന്നു. അതേ സമയം തന്നെ ലോട്ടറി ടിക്കറ്റുകളുമായി പെണ്‍കുട്ടിയും എത്തി.രാവിലെയായതുകൊണ്ടുതന്നെ ആരുടെ കൈയിലും ടിക്കറ്റ് എടുക്കുവാനുള്ള കാശുണ്ടായിരുന്നില്ല. ആരും ടിക്കറ്റ് വാങ്ങാതിരുന്നതോടെ കുട്ടി ബാബുലാലിന്റെ അടുത്തേക്ക് വന്നു. വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പക്ഷെ ബാബുലാലിന്റെ കൈയ്യിലും
പണമുണ്ടായിരുന്നില്ല.

 

തന്റെ കൈയില്‍ ഇപ്പോള്‍ കാശില്ലെന്ന് ബാബുലാല്‍ തുറന്നു പറഞ്ഞുതോടെ ടിക്കറ്റ് എടുത്താല്‍ മതിയെന്നും പണം പിന്നീട് വാങ്ങിച്ചോളമെന്നും പെണ്‍കുട്ടി പറഞ്ഞു. രണ്ടു ടിക്കറ്റുകള്‍ ബാബുലാലിനെ ഏല്‍പ്പിച്ചു. വൈകുന്നേരമാണ് ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം ബാബുലാല്‍ അറിയുന്നത്. അതേ സമയം പെണ്‍കുട്ടി കണിയാപുരം ധനം ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം.

 

സമ്മാനാര്‍ഹമായ എസ്ഇ 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്കിന്റെ കഴക്കൂട്ടം ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.ഇതിനുമുമ്പും ചെറിയ ഭാഗ്യക്കുറി സമ്മാനങ്ങള്‍ ബാബുലാലിനു ലഭിച്ചിട്ടുണ്ട്. ബാബുലാല്‍ ചെറുപ്പത്തിലേ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ബാബുലാലിന്റെ ഭാര്യ ശോഭന വീട്ടുജോലികള്‍ക്കു പോകാറുണ്ട്. ആകെയുള്ള നാലര സെന്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് ബാബുലാലിന്റെയും അമ്മാവന്റെയും അനുജന്റെയും കുടുംബം ഒന്നിച്ചാണ് താമസം. ബാബുലാലിന് രണ്ട് ആണ്‍മക്കളാണ്.

OTHER SECTIONS