പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനടക്കം 52 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

By Greeshma Rakesh.29 09 2023

imran-azhar

 


ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേർസ്ഫോടനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 52 പേർ കൊല്ലപ്പെട്ടു. നൂറിലേറേ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് വൻചാവേർ സ്ഫോടനം നടന്നത്.

 

ഇതിനകം നാൽപതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

 

പാകിസ്ഥാനിൽ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങൾ ശക്തമായിട്ടുണ്ട്. പാക് സർക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ.മാത്രമല്ല അടുത്തിടെ അഫ്ഗാനിൽ നിന്ന് അതിർത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ തന്നെ പരാതിപ്പെട്ടിരുന്നു.

 

പാകിസ്ഥാൻ ഒരു പ്രതിനിധി സംഘത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. അതെസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ ചരിത്രം നോക്കിയാൽ വളരെ ശക്തിയേറിയ ചാവേർ സ്ഫോടനമാണ് നടന്നത്.

OTHER SECTIONS