By Priya.25 11 2022
ചെന്നൈ: മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വയസ്സുകാരന്റെ നാവിന് പകരം ശസ്ത്രക്രിയ ചെയ്തത് ജനനേന്ദ്രിയത്തില്‍. വിരുദുനഗര്‍ ജില്ലയിലെ സാത്തൂരിലുള്ള അജിത്ത് കുമാര്‍, കാര്‍ത്തിക ദമ്പതിമാരുടെ മകനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നാവിന് വളര്‍ച്ചയില്ലാത്തത് കൊണ്ട് ജനിച്ചപ്പോള്‍ തന്നെ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.ഒരു വയസ്സ് കഴിഞ്ഞാല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.
ആദ്യം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പിന്നീടാണ് തെറ്റ് മനസ്സിലാക്കുന്നത്. ഇതോടെ നാവിലും ശസ്ത്രക്രിയ നടത്തി. അടുത്തടുത്ത് രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേനയായെങ്കിലും കുട്ടി ആരോഗ്യവാനാണ്.
മൂത്രം പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആദ്യം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍, ഈ ശസ്ത്രക്രിയയുടെ കാര്യം അറിയിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന് അജിത്ത് കുമാര്‍ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ജനനേന്ദ്രിയത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസ്സിലാക്കിയ തങ്ങള്‍ ഇക്കാര്യം ഡോക്ടര്‍മാരോട് ചോദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പിഴവുണ്ടായതായി അറിയിച്ചശേഷമാണ് അടുത്ത ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരേ കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്കി.