കിഫ്ബിപോലുളള ഏജൻസികൾ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറാം; ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കും- തമിഴ്നാട് ധനമന്ത്രി

By sisira.15 05 2021

imran-azhar

 

 


തിരുവനന്തപുരം: കിഫ്ബിപോലുളള പദ്ധതികളും മസാലബോണ്ടുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഈ ഏജൻസികൾ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയേക്കാമെന്നും തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ.

 

കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനേക്കാൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


"തങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതായതാണ് ഇതിന് കാരണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്. കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം.

 

കടം കുറയ്ക്കാൻ താൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്", അദ്ദേഹം ഒരു മലയാള വാർത്താ മാധ്യമത്തോട് പറഞ്ഞു.

 

സർക്കാരിന് പുറത്തുളള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാകുമെന്നതാണ് ഒരു പ്രശ്നം.

 

മസാലബോണ്ടുകൾ തന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ലെന്നും അദ്ദേഹം പറഞ്ഞു.ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ മസാലബോണ്ടുകളുടെ സങ്കീർണതകൾ തനിക്കറിയാം.

 

ഈ ബോണ്ടുകൾ ഹ്രസ്വകാലയളവിലേക്ക് ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം.

 

അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുൻഗണനപ്പട്ടികയിലില്ലെന്നും പഴനിവേൽ വ്യക്തമാക്കി.

OTHER SECTIONS