By Greeshma Rakesh.29 09 2023
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ വൃക്ഷങ്ങളിലൊന്ന് വെട്ടിമാറ്റിയ സംഭവത്തിൽ 16 വയസുകാർ അറസ്റ്റിൽ.ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വന്മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്.
ക്രിമിനൽ നാശനഷ്ടം ആരോപിച്ചാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തതെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു. ഈ കൗമാരക്കാരൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
ആഗോള പ്രശസ്തിയാർജ്ജിച്ച ഒരു വസ്തുവായിരുന്നു ഈ മരം എന്ന് നോർത്തംബർലാൻഡ് പൊലീസ് സൂപ്രണ്ട് കെവിൻ വാർണിങ് പറഞ്ഞു. ഇപ്പോൾ നടന്ന ഈ സംഭവം തദ്ദേശവാസികളിൽ ഞെട്ടലും ശോകവും കോപവും ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭ ദിശയിലാണെന്നും, ഒരു സാധ്യതയും തള്ളിക്കളയാതെയാണ് അന്വേഷണം മുൻപോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന.സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു.റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു.പ്രദേശവാസികളുൾപ്പെടെ പലരും സങ്കടത്തോടെയാണ് ഈ സംഭവത്തോട് പ്രതികരിച്ചത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോകജനതയ്ക്ക് പരിചിതമായത്.2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.