കൊറോണ വൈറസ്; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു

By online desk .14 02 2020

imran-azhar

 


കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. എന്നാൽ കുറച്ചുദിവസം കൂടി വിദ്യാർത്ഥി വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാനിൽ നിന്നുമെത്തിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥിക്കാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിതീകരിച്ചത്.

 

വുഹാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ തൃശൂരിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ അഞ്ചാമത്തെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തത്. ജനുവരി 30 നാണ് വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്.

 

ഇതിനു ശേഷം വുഹാനിൽ നിന്നെത്തിയ മറ്റു രണ്ടു മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. കേരളത്തിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് നടത്തിയ പരിശോധനയിൽ വൈറസിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് സ്ഥിരീകരണ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെടുന്നുണ്ടെന്നും അവരെ ഉടനെ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

OTHER SECTIONS