By Priya.21 03 2023
ലക്ഷ്മിപ്രിയ എം. പി
തിരുവനന്തപുരം: വേനല്‍ അവധി അടിച്ചുപൊളിക്കാന്‍ എത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം മൃഗശാല. ചൂട് കനത്തതോടെ ഇത്തവണ പുതിയതായി രണ്ട് കുടിവെള്ള ക്ലബ് പോയിന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് മൃഗശാല അധികൃതര്‍.
നിലവില്‍ ഫുഡ് കോര്‍ട്ട്, കുടിവെള്ള സംവിധാനം, വീല്‍ ചെയര്‍, ബാറ്ററി കാര്‍ തുടങ്ങിയ സംവിധാനങ്ങളാണ് മൃഗശാല അധികൃതര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വാഹനത്തിലിരുന്ന് തന്നെ മൃഗശാലയിലെ രസകരമായ കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകര്‍ക്കായി മൂന്ന് ബാറ്ററി കാറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.എന്നാല്‍ കൂടുതല്‍ ബാറ്ററി കാറുകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് വി രാജേഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദേശം 5 ലക്ഷം പേരാണ് മൃഗശാല സന്ദര്‍ശിക്കാനെത്തിയത്. കൊറോണ വില്ലനായി എത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.