സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ മുറിവ്; ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ട്

By web desk.26 05 2023

imran-azhar

 


കോഴിക്കോട്: മലപ്പുറം തിരൂരില്‍ നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിന്റെ (58) മരണ കാരണം നെഞ്ചിലേറ്റ മുറിവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

 

വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ മല്‍പ്പിടിത്തതിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

 

കഴിഞ്ഞ 18നാണ് സിദ്ദീഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം അട്ടപ്പാടി ചുരംവളവില്‍നിന്ന് ട്രോളിബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി.

 

സംഭവത്തില്‍ സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന (18), ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെ പിടികൂടിയിരുന്നു.