ഗുജറാത്തില്‍ പ്രചാരണത്തിന് വിദേശികളെ ഇറക്കി; വിവാദം, നടപടി വേണമെന്ന് തൃണമൂല്‍

By Lekshmi.24 11 2022

imran-azhar

 

 

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദേശ പൗരന്‍മാരെ രംഗത്തിറക്കിയ ബിജെപിയുടെ നീക്കം വിവാദത്തില്‍.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്‌ലെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

 

കഴിഞ്ഞ ദിവസം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കുറച്ച് വിദേശികള്‍ പാര്‍ട്ടിക്കായി പ്രചാരണം നടത്തുന്ന വീഡിയോ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചാണ് വിദേശികള്‍ വീഡിയോയില്‍ സംസാരിച്ചത്.ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു.

 

'നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ട്.നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുക' എന്ന വിദേശിയുടെ വാക്ക് അടിക്കുറിപ്പായി നല്‍കിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബിജെപി പങ്കുവെച്ചത്.വിദേശികളെ ഇറക്കിയുള്ള പ്രചാരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്നു ചൂണ്ടിക്കാണിച്ചാണ് സാകേത് ഗോഖ്‌ലെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

 

 

OTHER SECTIONS