അനന്യയുടെ മരണത്തില്‍ അന്വേഷണം; നടപടി 6 മാസങ്ങള്‍ക്ക് ശേഷം

By Avani Chandra.24 01 2022

imran-azhar

 

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എറണാകുളം റെനെ മെഡിസിറ്റിക്ക് എതിരെയാണ് വകുപ്പുതല അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കിയിരിക്കുന്ന കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

 

പ്രീജിത്ത് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് മാസം കഴിഞ്ഞാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനന്യകുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചെന്നും അതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനന്യയുടെ മരണം സംഭവിച്ച സമയത്ത് ആശുപത്രിക്ക് എതിരെ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് ശരിയായ രീതിയില്‍ അല്ലെന്നും അതേത്തുടര്‍ന്ന് അനന്യക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്ന വിവരങ്ങളും അന്ന് പുറത്ത് വന്നിരുന്നു. ആശുപത്രിക്കെതിരെ വലിയ രോഷപ്രകടനമാണ് പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. അനന്യയുടെ മരണത്തിന് ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയെ സംബന്ധിച്ച് നടക്കുന്ന ചൂഷണങ്ങളും പിഴവുകളും പലരും വെളിപ്പെടുത്തിയിരുന്നു.

 

എന്നാല്‍ അനന്യയുടെ കാര്യത്തില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ശസ്ത്രക്രിയകളെ സംബന്ധിച്ചുള്ള പരാതികളില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അനന്യക്ക് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഒരു വര്‍ഷം പിന്നിട്ടിട്ടും ഉണങ്ങാത്ത മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു.

 

OTHER SECTIONS