മരുന്നുകടയും പെട്രോള്‍ പമ്പും തുറക്കും; ബേക്കറിയും പലവ്യഞ്ജനക്കടയും ഒന്നിടവിട്ട ദിവസങ്ങളില്‍; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍

By Web Desk.15 05 2021

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ അര്‍ധരാത്രി ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലേക്കു പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാകൂ.

 

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഇവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്വാറന്റീന്‍ ലംഘിക്കുന്നതു കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് ഉപയോഗിക്കും.

 

ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും.

 

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത് വാര്‍ഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മരുന്നുകടയും പെട്രോള്‍ പമ്പും തുറക്കും. പത്രവും പാലും 6 മണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം.

 

വീട്ടുജോലിക്കാര്‍ ഹോംനഴ്‌സ് എന്നിവര്‍ക്കു ഓണ്‍ലൈന്‍ പാസ് നല്‍കും. പ്ലമ്പര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്കും പാസ് വാങ്ങി അടിയന്തര ഘട്ടത്തില്‍ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും.

 

ബേക്കറി, പലവ്യഞ്ജനക്കട ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 1 മണിവരെ പ്രവര്‍ത്തിക്കാം.

 

ജില്ലകളുടെ അതിര്‍ത്തി അടയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാര്‍ക്കുമാത്രം അനുമതി നല്‍കും. കണ്ടൈന്‍മെന്റ് സോണില്‍ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ.

 

 

 

 

OTHER SECTIONS