By Web Desk.12 09 2023
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തില്‍ വിജയിച്ച കെ.ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം.സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ബാബുവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കാലതാമസം കൊണ്ട് അസാധുവാകുന്ന സാഹചര്യമുണ്ടെന്ന് എം. സ്വരാജിനായി ഹാജരായ അഭിഭാഷകന്‍ പി.വി ദിനേഷ് ചൂണ്ടിക്കാട്ടി. കേരള നിയമസഭയുടെ കാലാവധി രണ്ടര കൊല്ലം കഴിഞ്ഞു. വിധി പറയുന്ന ഘട്ടത്തില്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാനും സാദ്ധ്യതയുണ്ട്. പി.വി.ദിനേഷ് കോടതിയില്‍ വ്യക്തമാക്കി. കെ.ബാബുവിന് വേണ്ടി അഭിഭാഷകന്‍ റോമി ചാക്കോ ഹാജരായി.