By priya.10 06 2023
ന്യൂയോര്‍ക്ക്: ന്യൂക്ലിയര്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രം.
മിലിട്ടറി പ്ലാനുകള്‍ ഉള്‍പ്പടെയുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞതായും കുറ്റപത്രം വിശദമാക്കുന്നു.
അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും കുറ്റപത്രം വിശദമാക്കുന്നു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ശ്രമങ്ങളിലുള്ള ട്രംപ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വാദിക്കുന്നത്.
എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് ട്രംപിന്റെ സഹായിയായ വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളാണ് രഹസ്യ രേഖകള്‍ ഒളിച്ച് കടത്തിയതെന്നാണ് 49 പേജുള്ള കുറ്റപത്രം വിശദമാക്കുന്നത്.
മുന്‍ പ്രസിഡന്റിനെതിരെ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിക്കൊണ്ടുള്ള ആദ്യ കുറ്റപത്രമാണിത്. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ട്രംപ് ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകള്‍ പാം ബീച്ചിലെ മാര്‍ എ ലാഗോ എന്ന ആഡംബര വസതിയിലേക്ക് മാറ്റി. ഇതൊരു സ്വകാര്യ ക്ലബ്ബ് കൂടിയാണെന്നും കുറ്റപത്രം വിശദമാക്കുന്നു.
ആയിരക്കണക്കിന് അതിഥികളും ക്ലബ്ബ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന ഇടത്താണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ അലക്ഷ്യമായി സൂക്ഷിച്ചത്.
രേഖകള്‍ കാണാതായത് സംബന്ധിച്ച എഫ്ബിഐ അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചു. രേഖകള്‍ ഒളിപ്പിക്കാനോ നശിപ്പിക്കാനോ തന്റെ അഭിഭാഷകനോട് ട്രംപ് നിര്‍ദ്ദേശിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്.
ട്രംപിന്റെ 77ാം പിറന്നാള്‍ ദിവസമാണ് കേസിന്റെ ആദ്യ വിചാരണ മിയാമിയില്‍ നടക്കുക. 2021ല്‍ അനുമതിയില്ലാതെ ഈ രേഖകള്‍ എഴുത്തുകാരനടക്കം ചിലരെ കാണിച്ചതായും കുറ്റപത്രം ആരോപിക്കുന്നു.