By Web Desk.20 08 2023
കൊല്ലം: മിത്ത് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്നതൊന്നും പറയേണ്ടതില്ലല്ലോ. നാളെ കൃഷ്ണന്‍ മിത്താണെന്നും പറയും. മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ഒരു മിത്താണെന്ന് പറയുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാന്‍ ആര്‍ക്കും ധൈര്യമില്ല. ആര്‍ക്കും എന്തും പറയാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ഭംഗിയും അതാണ്.
ചില കാര്യങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നും. ഹിന്ദു വിശ്വാസികളുടെ ഈ മനോഭാവവും ഏറെ വിഷമമുണ്ടാക്കുന്നതാണ്. എല്ലാവരുടെയും വീട്ടില്‍ ഒരു ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടാകും. വിഘ്‌നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ക്ഷേത്രത്തില്‍ വന്നു പ്രാര്‍ഥിക്കുന്നത്.
ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോള്‍, മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിനു വേണ്ടി നമ്മള്‍ സംസാരിക്കണം. അതുകൊണ്ടാണ് ഈ പരിപാടിയിലേക്കു വിളിച്ചപ്പോള്‍ ഓടി വന്നത്. ദൈവം ഉണ്ടോ പലരും ചോദിച്ചിട്ടുണ്ട്.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന, സിനിമയില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിന്റെ ഭാഗമായി ഹനുമാന്‍ സ്വാമി ഭക്തനും കൂടിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.