'പുട്ടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ല; പ്രിഗോഷിന്റെ മരണത്തില്‍ ആശ്ചര്യമില്ല'

By priya.24 08 2023

imran-azhar

 

വാഷിങ്ടണ്‍: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തില്‍ ആശ്ചര്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

 

പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ, ഞാന്‍ ആശ്ചര്യപ്പെടുന്നില്ല.

 

അയാള്‍ക്ക് പകരം ഞാനായിരുന്നെങ്കില്‍ കൂടുതല്‍ ജാഗരൂകനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

 

വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 10 പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പേരില്‍ പ്രിഗോഷിന്റെയും ഉള്‍പ്പെട്ടിരുന്നു.അതേസമയം, ഇവര്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ സൈന്യം വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പുട്ടിനോ റഷ്യന്‍ അധികൃതരോ തയാറായിട്ടില്ല.

 

 

 

വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

 

മോസ്‌കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. വിമാനാപകടത്തിലായിരുന്നു പ്രിഗോഷിന്റെ അന്ത്യം.

 

വാഗ്നര്‍ ഗ്രൂപ്പ് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രസിഡന്റ് പുട്ടിനേറ്റ വലിയ പ്രഹരമായിരുന്നു സ്വകാര്യ സൈന്യത്തിന്റെ കലാപശ്രമം.

 

സ്വകാര്യ സൈന്യം തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വാഗ്നര്‍ ഗ്രൂപ്പ് പിന്മാറിയത്.

 

 

OTHER SECTIONS