By priya.10 06 2023
തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ 'പുനര്‍ജനി' പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
തനിക്കെതിരായ കേസ് മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമമാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്നു കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്.
യുഎസില്‍ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.തനിക്കെതിരെ പടയൊരുക്കമെന്ന് വാര്‍ത്ത കൊടുത്തത് തന്റെ നേതാക്കളാണ്.
വിജിലന്‍സ് കേസും പാര്‍ട്ടിയിലെ പടയൊരുക്കവും തമ്മില്‍ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവര്‍ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
മുതിര്‍ന്ന നേതാക്കള്‍ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂര്‍വമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുന്‍ഗണനകളുണ്ട്.
കോണ്‍ഗ്രസില്‍ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന്
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.