'നെഹ്‌റു ജീവിച്ചിരുന്നുവെങ്കില്‍ ഗാസയിലേക്ക് ആയുധങ്ങളല്ല ഭക്ഷണവും മരുന്നുകളും എത്തിച്ചേനെ'; കേംബ്രിജില്‍ സതീശന്‍

By priya.21 11 2023

imran-azhar

 


തിരുവനന്തപുരം: നെഹറുവിന്റെ തത്വങ്ങളില്‍ നിന്ന് ഇന്ത്യ മാറിയെന്നും തീവ്രവലതുപക്ഷ സ്വേച്ഛാധിപതികള്‍ ലോകത്തെ ഭീഷണിപ്പെടുത്തകയും ചെയ്യുന്ന ഇക്കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

 

ജവാഹര്‍ലാല്‍ നെഹ്‌റു ജീവിച്ചിരുന്നുവെങ്കില്‍ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളും എത്തിക്കുന്നത് ഉറപ്പാക്കുമായിരുന്നു.

 

അതിനായി മറ്റു ലോക നേതാക്കള്‍ക്കൊപ്പം ഈജിപ്ത് അതിര്‍ത്തിയില്‍ നെഹ്‌റുവും ഉണ്ടാകുമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.'നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് യുകെയിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

യുകെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കേംബ്രിജ് സ്റ്റുഡന്റ്‌സ് യൂണിയനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നെഹ്‌റുവിന്റെ സോഷ്യലിസം മൂല്യാധിഷ്ഠിതവും സ്വതന്ത്ര ജനാധിപത്യത്തിനുള്ള പ്രേരണയുമായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.

 

രാജ്യത്ത് എവിടെ നോക്കിയാലും നെഹ്‌റുവിന്റെ അടയാളങ്ങളുണ്ട്. സോവിയറ്റ് മോഡല്‍ വികസനത്തോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.

 

പക്ഷേ, ഒരു പാര്‍ട്ടി ഒരു പുസ്തകം എന്നതിനോട് യോജിച്ചിരുന്നില്ല. ജനങ്ങളെ തരംതാഴ്ത്തുന്ന നിലയില്‍ ഒരു വ്യക്തിയോ ഒരു പാര്‍ട്ടിയോ സംസാരിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല.

 

നെഹ്‌റുവിന്റെ ഇന്ത്യയില്‍ തൊഴിലാളി വര്‍ഗത്തിന് പ്രത്യേക സംരക്ഷണവും ആദരവും ലഭിച്ചു.ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ അടിസ്ഥാനത്തിലുള്ള വിവേചനത്തെ നെഹ്‌റു അംഗീകരിച്ചിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

 

OTHER SECTIONS