By priya.01 11 2022
തിരുവനന്തപുരം: കൂട്ടില്‍ നിന്ന് ചാടി പോയ രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷിനെ ഇറക്കാന്‍ സ്വീഡനിലെ മൃഗശാലാധികൃതര്‍ ആലോചിച്ചപ്പോഴേക്കും കഴിഞ്ഞ ദിവസം തന്നെ രാജവെമ്പാല സ്വയം തന്നെ കൂട്ടിലേക്ക് തിരിച്ചെത്തി.
ഒക്ടോബര്‍ 22 നാണ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലെ ഡിയോഗാര്‍ഡന്‍ ദ്വീപിലെ സ്കാന്‍സെന്‍ മൃഗശാലയോടു ചേര്‍ന്നുള്ള അക്വേറിയത്തില്‍ നിന്ന് ചാടിപോയത്.ഏഴടി നീളമുള്ള 'ഹൗഡനി' എന്നു വിളിക്കുന്ന രാജവെമ്പാല ചില്ലുകൂട്ടിലെ മേല്‍ക്കൂരയിലെ ബള്ബിനിടയിലൂടെയാണ് പുറത്തേക്കിറങ്ങിയത്.
എക്സ്റേ മെഷീനും മറ്റ് ഉപകരണങ്ങളും വെച്ച് നടത്തിയ പരിശോധനയില്‍ അക്വേറിയം വളപ്പില്‍ത്തന്നെ രണ്ട് മതിലുകള്‍ക്കിടയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.ഒരാഴ്ച മൃഗശാല അധികൃതര്‍ എത്ര ശ്രമിച്ചിട്ടും രാജവെമ്പാലയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, സ്വീഡിഷ് പോലീസിലെ ഒരു ഉദ്യോഗസ്ഥന് പാമ്പിനെ കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസിലെ മലയാളിയായ സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വാവ സുരേഷ് ഇതിലേക്ക് വരുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് വാവ സുരേഷ് പാമ്പിനെ പിടിക്കുന്ന കഥകള്‍ സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. ഇതോടെയാണ് വാവ സുരേഷിനെ കൊണ്ടുവരുന്നതിനെക്കുറിച്ച് മൃഗശാലാധികൃതര്‍ ആലോചിക്കാന്‍ തുടങ്ങുന്നത്.
ഏതുനിമിഷവും പോകാനായി തയ്യാറായിക്കൊള്ളണമെന്ന് വാവ സുരേഷുമായി സംസാരിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. ഇതിനിടെയാണ് രാജവെമ്പാല തിരിച്ച് കൂട്ടിലെത്തിയത്.