By web desk .29 10 2022
രാജസ്ഥാനിലെ ബില്‍വാരയ്ക്ക് സമീപമുള്ള ആറോളം ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭാര്യയുടെ ചികിത്സാ ചെലവിനായി ഒരാള്‍ ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ പണം തിരികെ നല്കാന് കഴിഞ്ഞില്ല. പണം കടം കൊടുത്ത ആള്‍ക്ക് മകളെ വില്‍ക്കണമെന്ന് ജാതി പഞ്ചായത്ത് നിര്‍ദേശം നല്കി. ഇതേ തുടര്‍ന്ന് മകളെ കൈമാറുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ മകളെ മറ്റൊരാള്‍ക്ക് വിറ്റു. പിന്നീട് മൂന്ന് തവണകളായി പെണ്‍കുട്ടിയെ വിറ്റു. ഇതിനിടെ ആ പെണ്‍കുട്ടി നാല് തവണ ഗര്‍ഭിണിയായി.ഇതുപോലെ നിരവധി കുടുംബങ്ങളാണ് ഈ അവസ്ഥ നേരിടുന്നത്. പലര്‍ക്കും മക്കളെ വില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പല കുടുംബങ്ങള്‍ക്കും കുട്ടികളെ കൈമാറണമെന്ന ജാതി പഞ്ചായത്തിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പണം തിരികെ ലഭിച്ചില്ലെങ്കില്‍ പണം നല്കിയ ആള് ജാതി പഞ്ചായത്തിന് പരാതി നല്‍കും. കടം വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പണം നല്കിയ വ്യക്തിക്ക് പെണ്‍കുട്ടികളെ
കൈമാറണമെന്ന് ജാതി പഞ്ചായത്ത് ആവശ്യപ്പെടും. നല്കിയ പണത്തിന് പകരമായാണ് കുട്ടികളെ അവര്‍ക്ക് കൈമാറേണ്ടത്.പെണ്മക്കളെ കൈമാറാന്‍ ആരെങ്കിലും
സമ്മതിച്ചില്ലെങ്കില്‍ കുട്ടിയുടെ അമ്മമാരെ ബലാത്സംഗം ചെയ്യാനാണ് ജാതി പഞ്ചായത്ത് ആവശ്യപ്പെടാറുള്ളത്.
പെണ്‍കുട്ടികളെ കൈമാറുന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ ഇടപെട്ടു.ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് രാജസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ആദ്യമായാണ് രാജസ്ഥാനില്‍ ഇത്തരമൊരു സംഭവമെന്ന് ഭില്‍വാര ജില്ലാ കളക്ടര്‍ ആശിഷ് മോദ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
'ജാതി പഞ്ചായത്തുകളാണ് ഗ്രാമീണരുടെ വിവാഹം അടക്കമുള്ള വ്യക്തിപരമായിട്ടുള്ള കാര്യങ്ങളെ നിയന്ത്രിക്കുന്നതെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്' എന്ന് ജയ്പൂരിലെ വനിതാ അവകാശ പ്രവര്‍ത്തകയായ കവിതാ ശ്രീവാസ്തവ പറഞ്ഞു. ഇത്തരം ജാതി പഞ്ചായത്തുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ആളുകളെ
സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.