വനിത സംവരണം: ഇനിയും കടമ്പകള്‍; എപ്പോള്‍ യാഥാര്‍ത്ഥ്യമാകും?

By Web Desk.22 09 2023

imran-azhar

 

 

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും വനിത സംവരണ ബില്‍ പാസാക്കിയത്. പുതിയ പാര്‍ലമന്റ് മന്ദിരത്തില്‍ അവതരിപ്പിച്ച ആദ്യ ബില്‍ കൂടിയാണിത്. 'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന്റെ പേര്.

 

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ 128ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഈ സംവരണം നിലവില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82 ല്‍ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി പറഞ്ഞു.

 

8 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബില്‍ പാസാക്കിയത്. എഐഎംഐഎം പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും 454 പേരുടെ പിന്തുണച്ചു.

 

രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.

 

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിത സംവരണം നടപ്പാക്കില്ല. പകരം മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുക. ബില്ലില്‍ മുസ്ലിം സംവരണം ആവശ്യപ്പെട്ടുള്ള ഭേദഗതി നിര്‍ദേശം അസദുദ്ദീന്‍ ഉവൈസിയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപസംവരണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും ഇത് വോട്ടിനിട്ട് തള്ളുകയായിരുന്നു.

 

വനിത സംവരണ ബില്ലില്‍ നിന്ന് ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി നിര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ചര്‍ച്ച ആരംഭിച്ചത്. ബില്‍ വൈകുന്നത് സ്ത്രീകളോടുള്ള അനീതിയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയടക്കമുള്ള കക്ഷികളും സംവരണത്തിനുള്ളില്‍ ഉപസംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചു.

 

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വനിതാ സംവരണ ബില്‍ ഏകകണ്ഠമായി രാജ്യസഭ പാസാക്കിയത്. 214 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്.

 

വനിതാ സംവരണ ബില്‍ എന്താണ്?

 

നിയമനിര്‍മാണ സഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റില്‍ സംവരണം നല്‍കുന്നതാണ് വനിതാ സംവരണ ബില്‍. ഇതിലൂടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കും.

 

2008 ല്‍ കൊണ്ടുവന്ന ബില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് രാജ്യസഭ പാസാക്കി. അന്ന് രാജ്യസഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു. വനിതാ സംവരണമാണെങ്കിലും അതില്‍ ജാതി സംവരണം വേണമെന്ന വാദമാണ് ആ പാര്‍ട്ടിക്കാര്‍ ഉന്നയിച്ചത്.

 

എന്നാല്‍ 10 വര്‍ഷം പിന്നിട്ടിട്ടും ഈ ബില്‍ ലോക്സഭയില്‍ വന്നില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതോടെ ലോക്സഭ ഈ ബില്‍ പരിഗണിച്ചിരുന്നില്ല. പിന്നീട് 2023 ലാണ് ഈ ബില്‍ പരിഗണിക്കുന്നതും പാസാക്കുന്നതും.

 

ഭരണഘടനാഭേദഗതി ഉടനെ പാസായാല്‍ പോലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണമുണ്ടാവില്ല. ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനഃക്രമീകരണം നടക്കണം. ഭേദഗതി പാസ്സായി 15 വര്‍ഷത്തേക്കാണ് സംവരണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

 

സംവരണ മണ്ഡലങ്ങള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ലോക്സഭയും രാജ്യസഭയും പാസാക്കുന്ന ഭരണഘടനാഭേദഗതി ബില്‍ പകുതിയോളം നിയമസഭകള്‍ പ്രമേയം പാസാക്കി അംഗീകരിക്കണം. ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അതു വിജ്ഞാപനം ചെയ്യണം. ഭേദഗതി എന്ന് മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇത് 2026 ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സെന്‍സസ് നടക്കാനുള്ള നീക്കങ്ങള്‍ സജ്ജീവമാക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു.

 


വനിത സംവരണ ബില്‍ വന്ന വഴി:

 

1989

 

1989ല്‍ തദ്ദേശസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്ന ബില്‍ രാജീവ് ഗാന്ധി കൊണ്ടുവന്നിരുന്നു. എന്നാല്‍ ബില്‍ ലോക്സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടു.

 

1993

 

നരസിംഹ റാവു സര്‍ക്കാര്‍ 1993ല്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കി.

 

1996

 

എച്ച് ഡി ദേവഗൗഡയുടെ ഐക്യമുന്നണി സര്‍ക്കാര്‍ 1996 സെപ്തംബര്‍ 12 ന് ലോക്‌സഭയിലേയും നിയമസഭയിലേയും വനിതകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്‍ ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. ഇതോടെ ബില്‍ സിപിഐ നേതാവ് ഗീത മുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു.ഡിസംബറില്‍ സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചെങ്കിലും ബില്‍ അസാധുവായി.

 

1999

 

എന്‍ഡിഎ സര്‍ക്കാര്‍ 1999 നവംബറില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല.

 

2002, 2003

 

ലോക്‌സഭയില്‍ 2002, 2003 വര്‍ഷങ്ങളില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിരുന്നു. എന്നാല്‍ പരാജയപ്പെട്ടു.

 

2008

 

രാജ്യസഭയില്‍ 2008ല്‍ ബില്‍ അവതരിപ്പിരുന്നു. പിന്നീട് നിയമ-നീതികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. 2009 ഡിസംബര്‍ 17-ന് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭയിലും വച്ചു.

 

2010

 

2010 ന് വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ബഹളത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ചു. പിന്നീട് മാര്‍ച്ച് 9ന് ബില്‍ രാജ്യസഭയില്‍ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186 വോട്ടിന് ബില്‍ രാജ്യസഭ പാസാക്കി. ചില പ്രാദേശിക പാര്‍ട്ടികള്‍ എതിര്‍ത്തതോടെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചില്ല.

 

 

 

OTHER SECTIONS