തലസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പരിഗണിച്ച മുഖ്യമന്ത്രിയാര് ? കണക്കുകള്‍ പറയുന്നു അത് ഉമ്മന്‍ചാണ്ടി

By വിശാഖ് ചെറിയാന്‍.19 09 2020

imran-azhar

 

 

യു എന്‍ അവാര്‍ഡ് നേടിയ രാജ്യത്തെ ഏക മുഖ്യമന്ത്രി

 

ബാലജന സഖ്യത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേയ്ക്ക് വന്ന ഉമ്മന്‍ ചാണ്ടിയുടെ രാഷ്രീയ ജീവിതം ആരംഭിക്കുന്നത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെയാണ്. 1970ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായിരുന്ന പുതുപ്പള്ളിയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി കേരള നിയമസഭയിലേക്ക് വരുന്നത്. ഇന്ത്യയില്‍ തന്നെ തുടര്‍ച്ചയായി പതിനൊന്ന് തവണ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അപൂര്‍വ്വം ജനപ്രതിനിധികളിലൊരാളാണ് ഉമ്മന്‍ ചാണ്ടി. മുന്‍ ധനകാര്യ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഈ അപൂര്‍വ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയടക്കമുള്ള പദവികളില്‍ വരെ പ്രവര്‍ത്തിച്ച മറ്റൊരു നേതാവ് ഇന്ത്യയില്‍ തന്നെ മറ്റാരുമില്ല എന്നത് ഉമ്മന്‍ ചാണ്ടിക്ക് മാത്രം അവകാശപെടാവുന്ന ഒരു അപൂര്‍വ്വനേട്ടമാണ്. കൂടാതെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് നേടിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. 1970 മുതല്‍ തുടര്‍ച്ചയായി 11 തവണ പുതുപ്പള്ളിയെ പ്രതിനിധികരിക്കുന്നെങ്കിലും, തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലാണ് അദ്ദേഹം ഭൂരിഭാഗ സമയവും ചിലവിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാകാം പുതുപ്പള്ളി പോലെ തന്നെ പുതുപ്പള്ളി ഹൗസ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരവും അദ്ദേഹത്തിന് ഒരുപോലെ പ്രീയങ്കരമാകുന്നത്.

 

വികസന പഠനങ്ങളിലും സര്‍വ്വേകളിലും മുന്നില്‍

 

സംസ്ഥാന തലസ്ഥാനമെന്നനിലയില്‍ തിരുവനന്തപുരത്തിന്റെ വികസനം ഏറ്റവും വലിയ പരിഗണനാ വിഷയമാക്കിയ മുഖ്യമന്ത്രിയാര് എന്നത് ,കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടിയാണെന്നു കാണാം. 2004 ആഗസ്റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി ചുമതലയേല്‍ക്കുന്നത്. 20 മാസം നീണ്ട ഭരണം തിരുവനന്തപുരം നഗരത്തിന്റെ വിവിധ വികസനങ്ങള്‍ക്കു തുടക്കം കുറിച്ചു. അന്ന് ഷിപ്പിംഗ് മന്ത്രിയായിരുന്ന എം വി രാഘവന്റെ സഹായത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാഥമിക പഠനവും സാധ്യത റിപ്പോര്‍ട്ടും തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. പാളയം അണ്ടര്‍ പാസും അനുപാതമായ റോഡും അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം രാഷ്ട്രത്തിനു സമര്‍പ്പിക്കുമ്പോള്‍, ആറ് മാസം കൊണ്ട് അതിവേഗം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ അണ്ടര്‍ പാസ്സെന്ന ഖ്യാതി തിരുവനന്തപുരത്തിന് നേടിക്കൊടുത്തു. ഇന്ന് കോവിഡ് കാലത്തു ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന വിക്ടര്‍ ചാനല്‍, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി, സെസ്സ് എന്നിവ പൂര്‍ത്തീകരിച്ചത് ഈ കാലയളവിലായിരുന്നു. ഇതൊക്കെ തന്നെയാണ് തലസ്ഥാന നഗരിയെക്കുറിച്ചുളള വികസന പഠനങ്ങളിലും സര്‍വ്വേകളിലും ഉമ്മന്‍ചാണ്ടിയെ മുന്നിലെത്തിക്കുന്നത്.


നവരത്‌ന പ്രൊജക്റ്റുകള്‍

 

2011ല്‍ ഉമ്മന്‍ ചാണ്ടി രണ്ടാം തവണ അധികാരത്തില്‍ വരുമ്പോള്‍ തലസ്ഥാനത്തിനു വികസന പെരുമഴയായിരുന്നു. രണ്ടായിരത്തി അഞ്ചു-ആറ് കാലയളവില്‍ തുടക്കം കുറിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. അതില്‍ പ്രധാനപ്പെട്ടവ ആയിരുന്നു വിഴിഞ്ഞം തുറമുഖവും, കൊച്ചി - തിരുവനന്തപുരം - കോഴിക്കോട് മെട്രോ റെയില്‍ പ്രൊജക്റ്റ്.
തിരുവനന്തപുരത്തുകാരുടെ മൂന്നു പതിറ്റാണ്ടിന്റെ സ്വപ്നമായിരുന്നു വിഴിഞ്ഞം പദ്ധതി. ഈ പദ്ധതി നിശ്ച്ചത കാലയളവില്‍ പൂര്‍ത്തീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നവരത്‌ന പ്രോജെക്റ്റുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 2011ല്‍ മുഖ്യമന്ത്രി ചെയര്‍മാനായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് രൂപീകരിച്ചു. തുറമുഖത്തിന്റെ മാസ്റ്റര്‍ പ്ലാന്‍, പരിസ്ഥിതിക ആഘാത പഠനത്തിന്റെ ടേംസ് ആന്‍ഡ് റഫറന്‍സ്, പരിസ്ഥിതി-വനം മന്ത്രാലയങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പാരിസ്ഥിതിക അനുമതി, ആര്‍ എഫ് ക്യൂ,ആര്‍ എഫ് പി കരാര്‍ തുടങ്ങിയവയിലെ വ്യവസ്ഥകള്‍, എന്‍ എച്ച് ബൈപാസുമായി പോര്‍ട്ടിന്റെ പ്രധാന റോഡിനെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്നീ സുപ്രധാന കടമ്പകള്‍ യൂപിഎ സര്‍ക്കാരിന്റെ കാലത്തു നേടിയെടുക്കുവാന്‍ സാധിച്ചു. 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും രാഷ്ട്രീയ വേര്‍തിരിവില്ലാതെ നിതിന്‍ ഗഡ്ഗരിയുമായി പ്രവര്‍ത്തിച്ചു വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ 20% ഉറപ്പാക്കി, കേന്ദ്ര സര്‍ക്കാരിന്റെ ഖബാട്ടോഷ് നിയമത്തില്‍ ഇളവ് അനുവദിപ്പിച്ചു. തിരുവനന്തപുരത്തിന്റെ എം പി ഡോ. ശശി തരൂര്‍ മികച്ച ഒരു പിന്തുണയാണ് അന്നത്തെ ഷിപ്പിംഗ് മന്ത്രി ശ്രീ കെ ബാബുവിന് നല്‍കിയത്. നാലാം ഘട്ട ടെന്‍ഡര്‍ നടപടികളിലും കരാര്‍ ഏറ്റെടുക്കുവാന്‍ അദാനി പോര്‍ട്ടിന്റെ മേലാധികാരികളുമായി പ്രവര്‍ത്തിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം അവരെ പറഞ്ഞു ധരിപ്പിക്കുവാന്‍ ഡോ.ശശി തരൂരിന് സാധിച്ചു. ഏക കരാറു കാരനെ തിരഞ്ഞെടുക്കുകയും 2019 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്ത് കപ്പലടുക്കുന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം പിണറായി വിജയന്‍ സര്‍ക്കാരിന് കൈമാറിയത്.


വാള്‍സ്ട്രീറ്റ് ജേണലിന്റെ പ്രശംസ

 

തലസ്ഥാന നഗരമെന്ന നിലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചരിക്കുന്നവര്‍ക്കു അതിവേഗം തിരുവനന്തപുരത്തേക്ക് എത്തുവാനും അതേ ദിവസം തന്നെ വീട്ടില്‍ ചെന്ന് ചേരുവാനും വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കര്‍ സബര്‍ബന്‍ തീവണ്ടി പാതക്ക് തുടക്കം കുറിച്ചു, അതിനു വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ വികസനത്തിന് ജനുവരി 2019ല്‍ ധാരണാപത്രം ഒപ്പുവെക്കുന്നതോടെ നിലവിലുള്ള സ്ഥലം ഉപയോഗിച്ച് ചെങ്ങന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യത്തെ സബര്‍ബന്‍ തീവണ്ടി പദ്ധതിക്കു തുടക്കം കുറിച്ചാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന് ഭരണം കൈമാറിയത്.തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2019 ജനുവരി 20ന് ഡി. എം. ആര്‍. സി യുമായി ഇടക്കാല കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുകയും, അതിനു വേണ്ടി 6728 കോടി രൂപ നീക്കിവക്കുകയും ചെയ്തിട്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം കൈമാറ്റം നടത്തിയത്.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ മറ്റൊരു നാഴിക കല്ലായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിന്റെ പ്രശംസപോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേടിക്കൊടുത്ത റ്റൗറസ് ഗ്രൂപ്പിന്റെ ടെക്‌നോപാര്‍ക്ക് ഡൗണ്‍ടൗണ്‍. 1200 കോടി രൂപയുടെ കരാര്‍ ടെക്‌നോപാര്‍ക്കും ടോറസ് അമേരിക്കയുമായി ഒപ്പിട്ടു. പ്രൊജെക്റ്റിനു വേണ്ടി ടെക്‌നോപാര്‍ക് ഫേസ് ത്രീ എമേര്‍ജിങ് കേരള പ്രൊജെക്റ്റിലൂടെ 19.73 ഏക്കര്‍ സ്ഥലം അനുവദിച്ചു.

 

തിരുവനന്തപുരത്തെ 14 പാലങ്ങള്‍


1) നവീകരിച്ച 'കുണ്ടമണ്‍കടവ് പാലം'
2) നഗരത്തെ ഉരാകുടുക്കില്‍നിന്നു കരകയറ്റാന്‍ 'തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍'
3) മേനംകുളം റെയില്‍വേ മേല്‍പാലം
4) പെരുമതുറ മേല്‍പാലം
5) നവീകരിച്ച മുറിഞ്ഞപാലം
6) നവീകരിച്ച ഇടപഴിഞ്ഞി പാലം
7) നവീകരിച്ച അരുവിക്കര പാലം
9) നവീകരിച്ച പെട്ട ആനയറ മേല്‍പ്പാലം
10) നവീകരിച്ച മരുതംകുഴി പാലം
11) മുളയം മേല്‍പ്പാലം
12) അണിയിലക്കടവ് മേല്‍പ്പാലം
13) പത്താംകല്ല് പാലം
14) വെള്ളനാട് പാലം


കരമന- കളീയിക്കാവിള നാലുവരിപാത

 

വര്‍ഷങ്ങളായി നെയ്യാറ്റിന്‍കര, ബാലരാമപുരം നിവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശങ്ങള്‍ക്ക് അറുതിവരുത്തി സ്വപ്ന സാഫല്യമായി കരമന- കളീയിക്കാവിള നാലുവരിപാതയും അതിനോട് അനുബന്ധിച്ചു പണികഴിപ്പിച്ച അണ്ടര്‍ പാസ്. വര്‍ഷങ്ങളായി പിന്തള്ളപ്പെട്ട കഴകൂട്ടം-കരോട് ബൈപ്പാസ് കേന്ദ്ര സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ചു 2019 ന്റെ തുടക്കത്തില്‍ സഞ്ചാര യോഗ്യമാക്കും വിധം പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായികൊണ്ടിരുന്നപ്പോഴാണ് അധികാര കൈമാറ്റം നടന്നത്.
2012-13 കാലയളവില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുകയും, 2014ല്‍ ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുകയും തുടര്‍ന്ന്, ബി.ഓ.റ്റി ടെന്‍ഡറിന്റെ തുടര്‍ച്ചയായി ആദ്യത്തെയും രണ്ടാമത്തെയും ഇ പി സി ടെന്‍ഡറുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കി. അതാത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൊജെറ്റുകള്‍ ഒരു തടസ്സവും കൂടാതെ നടക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും, തിരുവനന്തപുരം എം പി ശശി തരൂരിന്റെയും സമയയോചിതമായ ഇടപെടലും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരത്തോടേയും ബൈപാസ് 2019 ല്‍ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. 235 കോടി രൂപ ചെലവില്‍ തലസ്ഥാനത്തെ റോഡുകള്‍ നടപ്പാതകളോടുകൂടി വികസിപ്പിച്ചു.

 

ഏറ്റവും വലിയ ബസ് ടെര്‍മിനല്‍ തമ്പാനൂരില്‍



മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ടെര്‍മിനല്‍ തമ്പാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ജില്ലാ കളക്ടര്‍ ശ്രീ ബിജു പ്രഭാകരന്‍ ഐ എ എസ്സിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ അനന്തക്ക് തുടക്കം കുറിച്ച് ദശാബ്ദങ്ങളായി നഗരത്തിലെ വെള്ളക്കെട്ടിന് ഒരു ശാശ്വത പരിഹാരം കാണുവാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സാധിച്ചു. തീരദേശ ഗതാഗതത്തിന്റെ അനന്ത സാധ്യതകളെ മനസ്സിലാക്കി തിരുവനന്തപുരം മുതല്‍ എറണാകുളംവരെ നീളുന്ന തീരദേശ ഗതാഗതത്തിനു തുടക്കം കുറിച്ചു. ഇവയിലൂടെ ചരക്കുകള്‍ കപ്പല്‍മാര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കാവുന്നതാണ്.


രണ്ടാമത്തെ മെഡിക്കല്‍ കോളേജ് പ്രഖ്യാപനം

 

തിരുവനന്തപുരത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അപ്‌ഗ്രേഡ് ചെയ്തു. എല്ലാ പ്രസവാശുപത്രികളിലും പുതിയ മാതൃ ശിശു ബ്ലോക്ക്കുകള്‍ തുറന്നു, ലാബ് സൗകര്യങ്ങളോടെ 15 പ്രാഥമിക കേന്ദ്രങ്ങള്‍. ഫോര്‍ട്ട് താലൂക് ആശുപത്രിയില്‍ 5 കോടി രൂപയുടെ മാതൃശിശു ബ്ലോക്ക്, കാരുണ്യ ഫര്‍മസ്സി ഡയാലിസിസ് സെന്റെര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയിക്കാന്‍ സംവിധാനം, കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചു. ആര്‍സിസിക്ക് 125 കോടി അനുവദിച്ചു, ആര്‍സിസി റ്റാബ് ഇന്ത്യയിലെ ആദ്യത്തെ എന്‍ എ ബി എച്ച് അക്രഡിറ്റേഡ് സ്ഥാപനവും സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിട്ട്യുട്ടാറ്റി ഉയര്‍ത്തി.വലിയതുറയില്‍, കേരളത്തിലെ ആദ്യത്തെ തീരദേശ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും 939 ഇനം മരുന്നുകള്‍ സൗജന്യമായി നല്‍കുകയും, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ കൊണ്ട് വരികയും ചെയ്തു. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് എന്ന ആശയത്തിന്റെ ഭാഗമായി 1951ന് ശേഷം അനന്തപുരിക്ക് രണ്ടാമത്തെ മെഡിക്കല്‍ കോളേജായ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിനെ പ്രഖ്യാപിച്ചതിന് ശേഷമാണ് അധികാര കൈമാറ്റം നടന്നത്.


കായിക തലസ്ഥാനമായി അനന്തപുരി

 

കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കാര്യവട്ടം തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയം അതിനോടനുബന്ധിച്ച ഇന്‍ഡോര്‍ സൗകര്യങ്ങളും, ടെന്നീസ് അക്കാദമി, ഷൂട്ടിംഗ് റേഞ്ച്, നീന്തല്‍ കുളങ്ങള്‍, സ്‌ക്വാഷ് എന്നിവ സംയോജിപ്പിച്ച് കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടി സ്‌പെഷ്യലിറ്റി സ്റ്റേഡിയത്തെ കേരളത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബായി പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു മുപ്പത്തി അഞ്ചാമത്തെ നാഷണല്‍ ഗെയിംസ്. വളരെ ചുരുങ്ങിയ കാലയളവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയം പൂര്‍ത്തീകരിക്കുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള കുമാരപുരം ടെന്നീസ് കോര്‍ട്ട്, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, നീന്തല്‍ കുളം എന്നിവ തിരുവനന്തപുരത്തിന് സമ്മാനിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു, കൂടാതെ ക്രിക്കറ്റ് ദൈവമെന്നറിയപെടുന്ന സച്ചിന്‍ തെണ്ടുക്കറിനെ ഗുഡ് വില്‍ അംബാസിഡറാക്കുകയും, റണ്‍ കേരളാ റണ്‍ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടയോട്ടത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു.


കേരളം ശ്രദ്ധിച്ചത്...


വികസനവും കരുതലുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. തുറന്നിട്ട വാതില്‍ എന്ന് ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കാം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ കാണാം. അതില്‍ വലിപ്പ ചെറുപ്പ വ്യത്യാസമില്ല. പത്തു നാല്‍പ്പതു വര്‍ഷമായി പുതുപ്പള്ളിയില്‍ നടക്കുന്ന ഞായറാഴ്ച ദര്‍ബാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഒരൂ മണ്ഡലവുമായി ഇതുപോലെ ഹൃദയബന്ധം സ്ഥാപിച്ച മറ്റൊരു പൊതുപ്രവര്‍ത്തകനില്ല എന്നുപറയാം. കാരുണ്യ പദ്ധതിയില്‍ 1.42 ലക്ഷം പേര്‍ക്ക് 1,200 കോടിയുടെ ചികിത്സാസഹായം, പാവപ്പെട്ടവര്‍ക്ക് 4,14,552 വീടുകള്‍ നിര്‍മ്മിച്ചു. 640 കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍. രാജ്യത്ത് കേരളം മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയത്. മൂന്നു ജനസമ്പര്‍ക്കപരിപാടികളിലൂടെ 11,45,449 പരാതികള്‍ പരിഹരിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്‍കി. തിരുവനന്തപുരം ജില്ലക്ക് വേണ്ടി മാത്രം അദ്ദേഹം 7.93 കോടിയുടെ ധനസഹായമാണ് നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ പ്രകൃതി ദുരന്തങ്ങള്‍ അധികം ഇല്ലായിരുന്നിട്ടു കൂടി, ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ദുരിതാശ്വാസ നിധിയില്‍ നിന്നും 72 കോടിയുടെ ധനസഹായമാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ചികില്‍ത്സ സഹായം, അപകടങ്ങള്‍ക്ക് ഇരയാകുന്ന ആശ്രിതര്‍ക്ക് ധനസഹായം, തൊഴില്‍ നഷ്ടപെട്ടവര്‍ക്ക് സൗജന്യ റേഷന്‍ എന്നിവ നല്‍കപ്പെടുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത്, 1,58,660 പേര്‍ക്ക് പിഎസ് സി നിയമനം. 16,815 പി എസ് സി ഇതര നിയമനങ്ങള്‍. പുതിയ ലിസ്റ്റ് വരുന്നതുവരെ പിഎസ്സി ലിസ്റ്റിന്റെ കാലാവധി നീട്ടി. അധ്യാപക പാക്കേജില്‍ 17,000 എയ്ഡഡ് അധ്യാപകര്‍ക്ക് സംരക്ഷണാനുകൂല്യം.

 


ഐ.ടി മേഖലയില്‍ പുത്തനുണര്‍വ്വേകി യു.ഡി.എഫ് സര്‍ക്കാര്‍ ടെക്‌നോപാര്‍ക്കിനെ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായി ഉയര്‍ത്തി, 187ല്‍നിന്ന് 358 കമ്പനികളായി ഉയര്‍ത്തി, നിക്ഷേപം 2000 കോടിയില്‍നിന്ന് 5100 കോടിയാക്കി ഉയര്‍ത്തി. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്. ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ചിരകാല സ്വപ്നമായിരുന്നു, കേരളത്തില്‍ ഒരു യു എ ഇ കോണ്‍സുലേറ്റ്. ജോബ് പോര്‍ട്ടല്‍, മികവുറ്റ തൊഴിലാളികളെ കണ്ടെത്തുന്നതിനു തൊഴില്‍ദായകരുടെ തൊഴില്‍ മേഖലയില്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലന്വേക്ഷകരുടെ ഒരു ഓണ്‍ലൈന്‍ പൊതുവേദിയാണ് നോര്‍ക്കറൂട്ട്‌സ് .എന്‍ ഇ റ്റി തൊഴില്‍ദായകരെയും വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയും തമ്മിലുള്ള അകലം കുറയ്ക്കുന്ന ജോബ്പോര്‍ട്ടല്‍. ഗള്‍ഫ് നാടുകളില്‍ ജയിലില്‍ നിന്ന് മോചിതരായവര്‍, സാമ്പത്തികദുരിതം അനുഭവിക്കുന്നവര്‍, പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും നഷ്ടപ്പെട്ടവര്‍ തുടങ്ങിയ നിസ്സഹായര്‍ നാട്ടിലേക്കു മടങ്ങുന്നതിനു ആവശ്യമായ നിയമസഹായം ധനസഹായം മറ്റു സേവനങ്ങള്‍ നോര്‍ക്ക വഴി ഇപ്പോള്‍ ലഭ്യമാണ്. പാര്‍ട്ട് ടൈം എല്‍ എല്‍ ബി ക്ലാസ്സുകള്‍ ആരംഭിച്ചു. സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രമിലുടെ, 450 വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു . ഒപ്പണ്‍സ്‌പേസ് സ്റ്റാര്‍ട്ട് അപ്പ് സ്‌പേസ്, ഐറ്റി സംരംഭകരേ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള സംരംഭങ്ങള്‍ ആരംഭിച്ചു. തൊഴില്‍ വകുപ്പില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടി കിടന്ന ഫയലുകള്‍ ഒത്തു തീര്‍പ്പായി.

 

തിരുവനന്തപുരത്തിന്റെ സുവര്‍ണ്ണ കാലഘട്ടം

 

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരം ഒഴിയുമ്പോള്‍ നവരത്‌ന വന്‍കിട പ്രൊജെറ്റുകളുടേയും പണികള്‍ പൂര്‍ണമായോ ഭാഗീകമായോ പൂര്‍ത്തീകരിച്ചിരുന്നു. തിരുവനന്തപുരം മെട്രോ ഉള്‍പ്പടെ പ്രാരംഭ കൂട്ടത്തിലായിരുന്ന പല പ്രൊജെക്റ്റുകള്‍ക്ക് തുടക്കം കുറിച്ചാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ അധികാര കൈമാറ്റം നടത്തിയത്. തിരുവനന്തപുരത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ ഞാന്‍ തിരുവനന്തപുരത്തിന്റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. തിരുവനന്തപുരം നിവാസികള്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം വരവും പ്രതീക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനമായാലും , പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണമായാലും, ഭാഗീകമായി നിലച്ചിരിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും, പൂര്‍ണ്ണമായി നിലച്ചിരിക്കുന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയും, തിരുവനന്തപുരത്തിന്റെ ജീവ നാഡിയായ ടെക്‌നോപാര്‍ക് വികസനവും. നിര്‍ത്തലാക്കിയ ജന സമ്പര്‍ക്ക പരിപാടികള്‍, കാരുണ്യ, സുകൃതം പോലെയുള്ള കരുതല്‍ പദ്ധതികള്‍ പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള ഉമ്മന്‍ ചാണ്ടി എന്ന കേരളാ മുഖ്യമന്ത്രിയുടെ മൂന്നാം ഊഴത്തിനായി കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നതിനോടൊപ്പം തിരുവനന്തപുരത്തെ നിവാസികളും കാത്തിരിക്കുകയാണ്.

 

വിശാഖ് ചെറിയാന്‍ - ഐ ടി വിദഗ്ദ്ധന്‍,ട്രിവാന്‍ഡ്രം ആക്ടിവിസ്റ്റ്

 

 

OTHER SECTIONS