പ്രിഗോഷിന്‍ എന്ന ഭസ്മാസുരന്‍, വരം നല്‍കിയത് പുട്ടിന്‍!

By Web Desk.24 08 2023

imran-azhar

 

 

2023 ഏപ്രില്‍ മാസത്തിലാണ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അനുയായികളായ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. റഷ്യന്‍ പാര്‍ലമെന്റിന്റെ സഭകളിലൊന്നായ ഡ്യൂമയുടെ ഉപമേധാവിമാരായിരുന്നു ഇരുവരും. 2022 ഫെബ്രുവരിയില്‍ യുക്രൈനെതിരായ റഷ്യന്‍ അധിനിവേശം തുടങ്ങിയതിനു പിന്നാലെ ദുരൂഹമായി ഏകദേശം 20 പേരോളം മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇപ്പോഴിതാ പുട്ടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിനും ജീവന്‍ നഷ്ടമായി. വിശ്വസ്തനും പിന്നീട് പുട്ടിനു തലവേദനയുമായി മാറിയ പ്രിഗോഷിന്റെ മരണം വിമാനാപകടത്തിലാണ്. റഷ്യന്‍ വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്‌സ്യയാണ് പ്രിഗോഷിന്റെ മരണ വിവരം പുറത്തുവിട്ടത്. തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്ത പത്തുപേരില്‍ പ്രിഗോഷിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, യാത്രക്കാരുടെ പട്ടികയില്‍ പേരുണ്ടെങ്കിലും, വിമാനത്തില്‍ പ്രിഗോഷിന്‍ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല.

 

 

സര്‍ക്കാരിനെതിരായ വിമതം നീക്കം പരാജയപ്പെട്ടതിനു പിന്നാലെ പ്രിഗോഷിന്‍ പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായി. പ്രിഗോഷിന്റെ ജീവനു തന്നെ ഭീഷണിയുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമത നേതാവിനെ ജയിലില്‍ അടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.

 

എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കു പിന്നാലെ പ്രിഗോഷിന്‍ റഷ്യയിലേക്ക് മടങ്ങിയെത്തി. അട്ടിമറി നീക്കത്തില്‍ പ്രിഗോഷിനും വാഗ്നര്‍ ഗ്രൂപ്പിനും എതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചു. അതിനിടെയാണ്, അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരും ഉള്‍പ്പെട്ടത്.

 

 

റഷ്യയുടെ സ്വകാര്യ സൈന്യം എന്നാണ് വാഗ്‌നര്‍ ഗ്രൂപ്പ് സ്വയം വിളിക്കുന്നത്. വ്യക്തികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വാഗ്നര്‍ ഗ്രൂപ്പിന്റെ രൂപീകരണം. എന്നാല്‍, പിന്നീട് ഈ ഗ്രൂപ്പ് വെറും കൂലിത്തല്ലുകാരായി മാറി. പണം വാങ്ങി യുദ്ധത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വാഗ്നര്‍ ഗ്രൂപ്പ് സ്വന്തം സൈനികരെ നല്‍കാന്‍ തുടങ്ങി.

 

 

ക്രമേണ നിയന്ത്രിക്കാന്‍ കഴിയാത്ത ശക്തിയായ വാഗ്നര്‍ ഗ്രൂപ്പ് വളര്‍ന്നു. റഷ്യന്‍ സൈന്യത്തിന് ഇടപെടാന്‍ കഴിയാത്ത ഇടങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പ് തങ്ങളുടെ സ്വാധീനം അറിയിച്ചു. ഖനിയുടമകളുംം ധനകാര്യ സ്ഥാപനങ്ങളുമാണ് പ്രധാനമായും വാഗ്‌നര്‍ ഗ്രൂപ്പിന്റെ സേവനം തേടിയത്.

 

എതിരാളികളെ കൈകാര്യം ചെയ്യുന്നതിന് ആയുധങ്ങളും ഉപയോഗിച്ച് തുടങ്ങിയതോടെ വാഗ്നര്‍ ഗ്രൂപ്പ് തികച്ചും കൂലിപ്പട്ടാളമായി മാറി. പ്രിഗോഷിനാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കു പിന്നിലെ ശക്തികേന്ദ്രം.

 

 

 

വാഗ്നറിനെ ഏറ്റവുമധികം ഉപയോഗിച്ചത് റഷ്യന്‍ പ്രസിഡന്റ് പുട്ടിനായിരുന്നു. രാജ്യത്ത് തന്റെ എതിരാളികളെ ഒതുക്കാന്‍ പുടിന്‍ തന്ത്രപരമായി വാഗ്നര്‍ ഗ്രൂപ്പിനെ ഉപയോഗിച്ചു. വിദേശ രാജ്യങ്ങളില്‍ പോലും റഷ്യ വാഗ്‌നര്‍ കൂലിപ്പടയാളികളെ നിയോഗിച്ചു. വന്‍ ശക്തിയായ വളര്‍ന്ന വാഗ്നര്‍ ഗ്രൂപ്പ് പിന്നീട് റഷ്യയ്ക്കു തന്നെ ഭീഷണിയായി.

 

വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ രാജ്യത്തെ ശതകോടീശ്വരന്മാരില്‍ ഒരാളാണ്. നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള പ്രിഗോറിന്‍, 9 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തുവന്നാണ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന്‍ ശതകോടീശ്വരനായി വളരുകയായിരുന്നു.

 

 

 

 

OTHER SECTIONS