By Lekshmi.09 03 2023
ബെംഗളൂരു: വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതിന് 24 കാരിയായ യുവതി അറസ്റ്റിൽ.കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്കുളള ഇൻഡിഗോ വിമാനത്തിലാണ് സംഭവം.ബെംഗളൂരുവിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മാർച്ച് അഞ്ചിന് കൊൽക്കത്തയിൽ നിന്നും രാത്രി 9.50ന് പുറപ്പെട്ട ഇൻഡിഗോ 6ഇ-716 വിമാനത്തിൽ കയറിയ പ്രിയങ്ക സി എന്ന യുവതിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.യാത്രാമധ്യേ ശുചിമുറിയിൽ ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ ജീവനക്കാർ വാതിലിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടു.
വാതിൽ തുറന്നപ്പോൾ ഒരു സിഗരറ്റ് ചവറ്റുകുട്ടയിൽ കിടക്കുന്നത് കണ്ടുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥനായ കെ ശങ്കർ നൽകിയ പരാതിയിൽ പറയുന്നത്.വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
336-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.മനുഷ്യ ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായ പ്രവൃത്തി ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് ചുമത്തുക.