പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതോടെ യുവതി മരിച്ചു

By parvathyanoop.25 09 2022

imran-azhar

 

 

 

കോയമ്പത്തൂര്‍:  പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതില്‍ ഗുരുതരാവസ്ഥയിലായ 22കാരി മരിച്ചു. തമിഴ്നാട്ടിലെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് സംഭവം നടന്നത്.വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നായിരുന്നു യുവതിയുടെ ആരോഗ്യസ്ഥിതി മോശമായത്.

 

തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.അന്നൂര്‍ ഊത്തുപ്പാളയം സ്വദേശി വിഘ്നേശ്വരന്റെ ഭാര്യ വാന്മതിയാണ് (22) ശനിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു ഇവരുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. രാവിലെ തന്നെ യുവതിക്ക് അനസ്തേഷ്യ നല്‍കിയിരുന്നു.

 


ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് ഫലം കണ്ടില്ല. ഇതോടെ യുവതി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

OTHER SECTIONS