By Lekshmi.09 06 2023
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. ബിഹാര്‍ സ്വദേശിനിയായ ബിനീത കുമാരിയും, സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ടുമാണ് പിടിയിലായത്.
മെയ് 28ന് പരാതിക്കാരനായ യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ബിയര്‍ നല്‍കിയ ശേഷം അത് കുടിക്കാന്‍ നിര്‍ബന്ധിച്ചു. സംശയം തോന്നിയ യുവാവ് ബിയര്‍ നിരസിച്ച് അവിടെനിന്നു മടങ്ങി. പിന്നീട്, യുവാവിനെ ഫോണില്‍ വിളിച്ച ബിനീത തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ, അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ പരാതിനല്‍കുന്നതില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞു. ഒടുവില്‍ രണ്ട് ലക്ഷത്തിന് ധാരണയായി. ഇക്കാര്യം യുവാവ് പൊലീസിനെ അറിയിച്ചു. പണം കൈമാറുന്നതിനിടെ ബിനീതയെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് ഇതുവരെ 12 പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.